കോഴിക്കോട്: അത്ഭുങ്ങള്‍ തേടിയാണ് തന്റെ യാത്രയെന്നും അത്ഭുങ്ങള്‍ സന്തോഷം മാത്രമല്ല നല്‍കുന്നതെന്നും പ്രശസ്ത സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. കെ.എല്‍.എഫിന്റെ മൂന്നാംദിനത്തില്‍ ബൈജു എന്‍.നായരുമായിട്ടുള്ള ചര്‍ച്ചയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തില്‍ പരാജയപ്പെട്ടവനെ ലോകം എപ്പോഴും ഓര്‍ക്കുന്നു. അത് ചരിത്ര ശേഷിപ്പുകളായി സൂക്ഷിക്കുന്നു. നമുക്കും അത്തരം സൂക്ഷിപ്പുകള്‍ വേണമെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെട്ടു. നന്മ ചെയ്തവര്‍ എത്ര നൂറ്റാണ്ട് കഴിഞ്ഞാലും ഓര്‍മിക്കപ്പെടുന്നു എന്നുപറഞ്ഞ അദ്ദേഹം തന്റെ അര്‍മിനിയ യാത്രയെക്കുറിച്ചും ദക്ഷിണാഫ്രിക്കന്‍ യാത്രയെക്കുറിച്ചും വിശദീകരിച്ചു. ഒരു സഞ്ചാരി ഒരു രാജ്യത്തെ കാണുന്നത് ആ രാജ്യത്തെ മനുഷ്യരെക്കുറിച്ചും അവരുടെ ഭക്ഷണത്തെ കുറിച്ചും അവിടത്തെ പരമ്പര്യത്തെ കുറിച്ചും അറിയാനുമാണ്. ലോകത്തിലെ ചരിത്ര ശേഷിപ്പിക്കുകള്‍ സംരക്ഷിക്കപ്പെടണമെന്നും പുതുതലമുറ അതിനെ അന്വേഷിച്ചു കണ്ടെത്തണമെന്നും സന്തോഷ് ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. യാത്രകളിലെ രസകരമായ അനുഭവങ്ങളും കൗതുകം ഉണര്‍ത്തുന്ന കാഴ്ചകളെ പറ്റിയും സെഷന് സംസാരിച്ചു. ഇന്ത്യക്കാര്‍ എല്ലായിടത്തും ഉണ്ട്, താന്‍ അവരെ അന്വേഷിച്ചു പോവാറില്ല, കണ്ടെത്തലാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. ബൈജു എന്‍. നായരുടെ പുതിയ പുസ്തകം ‘യുക്രൈന്-തയ്വാന്’ വേദിയില്‍ വെച്ച് പ്രകാശനം ചെയ്തു. ചര്‍ച്ചയില്‍ എ.പി.എം മുഹമ്മദ് ഹനീഷും പങ്കെടുത്തു.