ഭാഷകൊണ്ടു മുറിവേറ്റവര്‍ മിണ്ടുമ്പോള്‍ നിര്‍വചനത്തിന് വഴങ്ങാത്ത ക്വീര്‍ സാഹിത്യം ചരിത്രത്തില്‍ മായ്ക്കപ്പെട്ട ചില മനുഷ്യരുടെ കടന്നുവരവാണ്: ആദി

ഭാഷകൊണ്ടു മുറിവേറ്റവര്‍ മിണ്ടുമ്പോള്‍ നിര്‍വചനത്തിന് വഴങ്ങാത്ത ക്വീര്‍ സാഹിത്യം ചരിത്രത്തില്‍ മായ്ക്കപ്പെട്ട ചില മനുഷ്യരുടെ കടന്നുവരവാണ്: ആദി

കോഴിക്കോട്: കെ.എല്‍.എഫ് വേദി രണ്ട് മംഗോയില്‍ ഒന്നാം സെഷന്‍ തുടക്കം കുറിച്ച് കൊണ്ട് ‘ക്വീര്‍ സാഹിത്യം: പ്രതിനിധാനവും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. ‘ഭാഷ കൊണ്ടു മുറിവേറ്റവര്‍ മിണ്ടുമ്പോള്‍ നിര്‍വചനത്തിന് വഴങ്ങാത്ത ക്വീര്‍ സാഹിത്യം ചരിത്രത്തില്‍ മായ്ക്കപ്പെട്ട ചില മനുഷ്യരുടെ കടന്നുവരവാണെന്ന്’ ക്വീര്‍ സാഹിത്യകാരന്‍ ആദി പറഞ്ഞു. വിഷ്ണു സുജാത മോഹന്‍, ആശാ മേനോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സാഫോ, മാധവിക്കുട്ടി എന്നിങ്ങനെ വ്യത്യസ്ത കാലഘട്ടത്തിലെ എഴുത്തുകാര്‍ പ്രത്യക്ഷമായി ക്വീര്‍ സാഹിത്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ഷേക്‌സ്പിയര്‍, ആശാന്‍ , ചങ്ങമ്പുഴ എന്നിവരുടെ കൃതികളില്‍ പരോക്ഷമായി അവ നിഴലിക്കുന്നതു കൂടി പഠനവിധേയമാക്കേണ്ടതുണ്ടെന്ന് ആദി കൂട്ടി ചേര്‍ത്തു. ക്വീര്‍ സാഹിത്യകാര്‍ രചിക്കുന്നതു മാത്രമാണോ ക്വീര്‍ എഴുത്തിന് കീഴില്‍ വരിക എന്ന മോഡറേറ്റര്‍ ആശാ മേനോന്റെ ചോദ്യത്തിന് ഐഡന്റിറ്റിയുടെ ഇടുങ്ങിയ കള്ളികളില്‍ നിന്ന് പുറത്തേക്ക് വന്നുകൊണ്ടതിനെ വിശകലനം ചെയ്യാന്‍ ശ്രമിക്കണമെന്ന് ആദി മറുപടി പറഞ്ഞു. ക്വീര്‍ കവികള്‍ക്ക് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ എന്തുകൊണ്ട് മറ്റ് കവി സംഗമങ്ങളില്‍ നിന്നവരെ മാറ്റി നിര്‍ത്തുന്നു എന്ന ശ്രദ്ധേയമായ ചോദ്യമുയര്‍ത്തി വിഷ്ണു സുജാത മോഹന്‍. അത്തരത്തില്‍ ക്വീര്‍ എന്നതിനെ സാധാരണീകരിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയേണ്ടതുണ്ട് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ചര്‍ച്ച അവസാനിപ്പിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *