അടിമാലി: വഴിയില്‍ വീണുകിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരില്‍ ഒരാള്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം. അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍ ആണ് മരിച്ചത്. ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്‌സരകുന്നില്‍ നിന്നും വീണു കിട്ടിയ മദ്യം അനില്‍കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് കുടിച്ചതും പിന്നീട് അവശനിലയിലായതും.
ജനുവരി എട്ടിന് രാവിലെ ഏഴരയോടെ വഴിയില്‍ കിടന്ന മദ്യം കഴിച്ചശേഷം ഛര്‍ദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും പോലിസിന് നല്‍കിയിരിക്കുന്ന മൊഴി. അടിമാലി അഫ്‌സര കുന്ന് സ്വദേശികളാണ് മൂന്ന് പേരും. അവശനിലയില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അനില്‍ കുമാറും മനോജും പിന്നീട് അപകടനില തരണം ചെയ്‌തെങ്കിലും കുഞ്ഞുമോന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു.
ഭക്ഷ്യവിഷബാധയല്ലെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അടിമാലി പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇവര്‍ കഴിച്ചത് വ്യാജമദ്യമാണോ എന്ന കാര്യം പോലിസ് പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ മദ്യം കഴിച്ചവരുടെ സുഹൃത്ത് സുധീഷിനെ പോലിസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. വഴിയില്‍ കിടന്ന് ലഭിച്ച മദ്യം സുധീഷാണ് നല്‍കിയതെന്ന് ചികിത്സയിലുള്ളവര്‍ മൊഴി നല്‍കിയിരുന്നു. കത്തിച്ച നിലയില്‍ മദ്യക്കുപ്പിയും പോലിസ് പിന്നീട് കണ്ടെടുത്തിരുന്നു.