പക്ഷിപ്പനി: മൂന്ന് ജില്ലകളില്‍ നിരോധനം

പക്ഷിപ്പനി: മൂന്ന് ജില്ലകളില്‍ നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രോഗപ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികള്‍, മുട്ട, ഇറച്ചി, കാഷ്ടം, തീറ്റ എന്നിവ നശിപ്പിക്കുന്നതിന് നടപടി മൃഗസംരക്ഷണ വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചു. ഉന്‍മൂലന ( കള്ളിങ്) പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ രോഗപ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവ് വരെയുള്ള പ്രദേശങ്ങളിലെ കോഴിക്കടകളും മുട്ട വില്‍പ്പന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടേണ്ടതാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ. കൗശിഗന്‍ ഐ.എ.എസ് ഉത്തരവിറക്കി. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കള്ളിംഗ്, സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസറുടെ നിര്‍ദ്ദേശാനുസരണം സര്‍വൈലന്‍സ് സോണില്‍ അടച്ചിട്ട കോഴിക്കടകളും മുട്ട വില്‍പനകേന്ദ്രങ്ങളും താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്. കള്ളിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുശേഷം സര്‍വൈലന്‍സ് സോണില്‍ (ഒരു കിലോമീറ്റര്‍ മുതല്‍ പതിനഞ്ച് കിലോമീറ്റര്‍ വരെ ചുറ്റളവില്‍) താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്.

1. നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം 90 ദിവസത്തേക്ക് സര്‍വൈലന്‍സ് സോണിന് (1 കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെ ചുറ്റളവില്‍) അകത്തേക്കും പുറത്തേക്കും പക്ഷികള്‍, പക്ഷിയിറച്ചി, മുട്ട, കാഷ്ടം എന്നിവയുടെ കടത്ത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ സര്‍വൈലന്‍സ് സോണിനുള്ളിലുള്ള പക്ഷികള്‍ക്കുള്ള തീറ്റ കൊണ്ടുവരുന്നത് ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീറ്റ കൊണ്ടുവരുന്ന വാഹനങ്ങള്‍ അണുനശീകരണം ചെയ്തതിനുശേഷം മാത്രം സര്‍വൈലന്‍സ് സോണിനുള്ളില്‍നിന്നും പുറത്തുപോവേണ്ടതാണ്.
2. സര്‍വൈലന്‍സ് സോണിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എഗ്ഗര്‍ നഴ്‌സറികളുടെ കാര്യത്തില്‍, ജീവനുള്ള കോഴികളെ വില്‍ക്കുന്നത് മൂന്ന് മാസത്തേക്ക് പാടുള്ളതല്ല. മൂന്നുമാസത്തിനു ശേഷം അവയെ സര്‍വൈലന്‍സ് സോണിനുള്ളിലോ പുറത്തോ വില്‍പ്പന നടത്താവുന്നതാണ്.
3. സര്‍വൈലന്‍സ് സോണിനുള്ളിലുള്ള ലേയര്‍ ഫാമുകളില്‍ നിലവിലുള്ള മുട്ടക്കോഴികളില്‍നിന്നും ഉല്‍പാദിപ്പിക്കപ്പെടുന്ന മുട്ട സര്‍വൈലന്‍സ് സോണിനുള്ളില്‍ വില്‍പന നടത്താവുന്നതാണ്. മുട്ട ഉല്‍പാദനത്തിന് ശേഷം മാംസാവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടക്കോഴികള്‍ (spent chicken) സംസ്‌കരിച്ച് മാത്രമേ സര്‍വൈലന്‍സ് സോണില്‍ വില്‍പന നടത്താവൂ.
4. സര്‍വൈലന്‍സ് സോണിനുള്ളിലുള്ള ബ്രോയിലര്‍ ഫാമുകളുടെ കാര്യത്തില്‍ നിലവില്‍ ഇറച്ചിക്കോഴികളുണ്ടെങ്കില്‍ അവയെ മാത്രം തുടര്‍ന്നു വളര്‍ത്താവുന്നതും അവ വിപണന പ്രായമെത്തുമ്പോള്‍ ഫാമിനുള്ളില്‍ തന്നെ ശാസ്ത്രീയമായി സംസ്‌കരിച്ച് സര്‍വൈലന്‍സ് സോണിനുള്ളില്‍ മാത്രം വിപണനം നടത്തേണ്ടതുമാണ്. സര്‍വൈലന്‍സ് സോണിനുള്ളില്‍ ജീവനുള്ള ഇറച്ചിക്കോഴികളെ മൂന്ന് മാസത്തേക്ക് വില്‍ക്കാന്‍ പാടുള്ളതല്ല.
5. സര്‍വൈലന്‍സ് സോണിനുള്ളിലുള്ള ഫാമുകളില്‍നിന്നും സംസ്‌കരിച്ച കോഴിയിറച്ചി, മുട്ട എന്നിവമാത്രം 90 ദിവസത്തേക്ക് സര്‍വൈലന്‍സ് സോണിനുള്ളില്‍ മാത്രം വില്‍പ്പന നടത്താവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *