കോഴിക്കോട്: നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റും മുക്കത്തെ കെ.എം സി.ടി മെഡിക്കല്‍ കോളേജും കെ.എം സി.ടി ഡെന്റല്‍ കോളേജും വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതിക വികസനം, അതിന്റെ വിവര്‍ത്തനം എന്നിവയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. എന്‍.ഐ.ടി.സിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.ഐ.ടി.സി ഡയറക്ടര്‍ പ്രൊഫ.പ്രസാദ് കൃഷ്ണ, കെ.എം.സി.ടി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ലതി നായര്‍, കെ.എം.സി.ടി ഡെന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.മനോജ്കുമാര്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
പരിപാടിയില്‍, എന്‍.ഐ.ടി യിലെ സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷന്‍സ് ചെയര്‍പേഴ്‌സണ്‍ ഡോ. ജോസ് മാത്യു, ഗവ.മെഡിക്കല്‍ കോളേജ്, കോഴിക്കോട്, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് വയനാട്, SCTIMST, KMC മംഗലാപുരം തുടങ്ങിയ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മെഡിക്കല്‍ മേഖലയില്‍ എന്‍.ഐ.ടി.സി നടത്തുന്ന വിവിധ സഹകരണ ഗവേഷണങ്ങളെ കുറിച്ച് വിവരിച്ചു. KMCT മെഡിക്കല്‍, KMCT ഡെന്റല്‍ കോളേജ് എന്നിവ സജീവമായി പങ്കെടുക്കുന്ന ചില പ്രോജക്ടുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്‍.ഐ.ടി.സി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, ഈ ധാരണാപത്രം ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും രണ്ട് സ്ഥാപനങ്ങള്‍ക്കിടയില്‍ ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും സൂചിപ്പിച്ചു. കെ.എം.സി.ടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലതി നായര്‍, ഡോക്ടര്‍മാര്‍ക്കിടയില്‍ മെഡിക്കല്‍ നടപടിക്രമങ്ങളില്‍ ഗവേഷണത്തിന്റെയും സാങ്കേതിക ഇടപെടലിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.
മെറ്റീരിയല്‍ സയന്‍സ്, നാനോ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍, 3 ഡി പ്രിന്റിംഗിലൂടെയുള്ള സര്‍ജിക്കല്‍ സ്റ്റെന്റ് പ്രോട്ടോടൈപ്പിംഗ് എന്നിവയാണ് ഡെന്റല്‍ കോളേജ് സഹകരണ ഗവേഷണത്തിനായി ഉദ്ദേശിക്കുന്ന ചില പ്രത്യേക മേഖലകള്‍ എന്ന് കെ.എം.സി.ടി ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി. കെ.എം.സി.ടി മെഡിക്കല്‍ കോളേജിനെ പ്രതിനിധീകരിച്ച് ഡോ. രാജേന്ദ്രന്‍ , ഡോ.കുര്യാക്കോസ് എന്നിവരും , കെ.എം.സി.ടി ഡെന്റല്‍ കോളേജിലെ ഡോ. സന്തോഷും മെഡിക്കല്‍ രംഗത്ത് സാധ്യമാകുന്ന സാങ്കേതിക ഇടപെടലുകളെ കുറിച്ച് സംസാരിച്ചു .
എന്‍.ഐ.ടി.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സതീദേവി, ഡീന്‍ അക്കാദമിക് ഡോ. സമീര്‍ എസ്.എം, രജിസ്ട്രാര്‍ ഡോ. ഷാമസുന്ദര എന്നിവര്‍ ഈ സംരംഭങ്ങളെ പിന്തുണക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. എന്‍.ഐ.ടി.സിയിലെ ഡോ. മധു കുമാര്‍ എസ്.ഡി, ഡോ. അബ്ദുള്‍ നസീര്‍ കെ.എ, ഡോ. പൗര്‍ണമി, ഡോ. ജയരാജ്, ഡോ. പ്രവീണ്‍ ശങ്കരന്‍,, ഡോ. പ്രീതി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത് അവരുടെ മെഡിക്കല്‍ രംഗത്തെ ഗവേഷണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചു. രണ്ടു സ്ഥാപനങ്ങളിലെയും വിഭവ ശേഷി പ്രയോജനപ്പെടുത്തിക്കൊണ്ട് സംയുക്ത പ്രോജക്ടുകള്‍, ഇൻ്റെണ്‍ഷിപ്പുകള്‍, ഗവേഷണങ്ങള്‍, ഇലക്ടീവ് കോഴ്‌സുകള്‍ എന്നിവയും ധാരണാപത്രം ലക്ഷ്യമിടുന്നു.