ഒക്ടോബർ 1 ലോകവൃദ്ധദിനം

ഒക്ടോബർ 1 ലോകവൃദ്ധദിനം

ഒക്ടോബർ 1 ലോകവൃദ്ധദിനമായി ആചരിച്ചു. ഇന്നിപ്പോൾ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകൾ നാം കല്പിച്ചിട്ടുണ്ടല്ലോ. അത്തരത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ലോകവയോജനദിനം. വയോജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യപ്പെടുന്ന ഏക സന്ദർഭംകൂടിയാണ്. കേരളത്തിൽ വൃദ്ധജനങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നു. പ്രായമായ അച്ഛനമ്മമാരെ മക്കളോടും ചെറുമക്കളോടുമൊപ്പംതന്നെ കഴിയാനുള്ള അവസരം സംജാതമാക്കേണ്ടതാണ്. വ്യസനം വാർന്നൊഴുകുന്ന വദനങ്ങളുമായി വഴി ചുറ്റുന്ന വയസ്സേറിയവർ വർത്തമാനകാലത്തിന്റെ നിത്യ കാഴ്ചകളാണ്. ജീവിതസായാഹ്നത്തിൽ സ്‌നേഹമസൃണമായ വാക്കും സന്തോഷസ്പർശവും കൊതിക്കുന്ന വൃദ്ധ മനസ്സുകൾ. അവരുടെ നനഞ്ഞുണങ്ങിയ നയനങ്ങളിൽ നഷ്ടസ്വപ്നങ്ങൾ ദൃശ്യമാണ്. എല്ലാമെല്ലാമായ മക്കൾക്ക് തങ്ങൾ ഒരിക്കലും ഭാരമാകുമെന്ന് കരുതിയിരുന്നില്ല. ജീവിതം ആർക്കുവേണ്ടിയാണോ ഉഴിഞ്ഞുവെച്ചത് അവർ നൽകിയ പ്രതിഫലം എല്ലാം വിധി! വൃദ്ധസദനങ്ങളിലിരുന്ന് അവർ ആശ്വാസംകൊള്ളുന്നു. വസന്തകാലത്തെ ഓർത്ത് നെടുവീർപ്പിടുന്നു.
മരണത്തിന്റെ മണമുള്ള നരയുടെ അസഹൃതയിൽ കൊതിതീരാത്ത ജീവിതത്തിന്റെ സുവർണ്ണസ്മരണകളാണ് സഹജമായ കൂട്ടിത്തത്തിലൂടെ പ്രകാശിപ്പിക്കുന്നത്. കാരുണ്യംമരിച്ച പുതിയ തലമുറ വൃദ്ധരുടെ നിശബ്ദവിളികൾ കേൾക്കുന്നില്ല. ജന്മം നൽകിയവരെ ആട്ടിപ്പുറത്താക്കുന്നതും പരിഹസിക്കുന്നതും ഉത്തരാധുനികയുഗത്തിലെ ഫാഷനാണ്. പഴുത്ത ഇലകൾ കൊഴിഞ്ഞുവീഴുന്നത് കണ്ട് ചിരിച്ചാസ്വദിക്കുന്ന പച്ചിലകൾ സ്വാഭാവികമായ ജീവിതാവസ്ഥയായ വാർദ്ധക്യം ആയുസ്സുള്ളവന് മേനികാണിച്ച് മാറ്റി നിർത്താൻ കഴിയില്ലെന്ന യാഥാർത്ഥ്യം മറക്കാൻ ശ്രമിക്കുന്നു. ഇന്ത്യൻ സംസ്‌കാരത്തിൽ  ആശ്രമവ്യവസ്തകളാചരിച്ചിരുന്നകാലത്ത് ബ്രഹ്മചര്യവും ഗാർഹസ്ഥ്യവും കഴിഞ്ഞാൽ വാനപ്രസ്ഥം ആയിരുന്നു അടുത്തഘട്ടം. ഭാര്യയുണ്ടെങ്കിൽ രണ്ടുപേരും വാനപ്രസ്ഥം നടത്തണം. ഈ നുറ്റാണ്ടിൽ ലോകം നേരിടുന്ന. സാമൂഹ്യ പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടതാണ് ഊർജ്ജപ്രതിസന്ധിയും, കുടിവെള്ളക്ഷാമവും, തൊഴിലില്ലായ്മയും വയോജനവർദ്ധനവും. ഇരുപത്തിഒന്നാംനൂറ്റാണ്ട് വയോജനങ്ങളുടേതായിരിക്കുമെന്നാണ് കരുതുന്നത്. കേരളത്തിൽ 1956ൽ 9 ലക്ഷമായിരുന്ന വയോജനങ്ങൾ ഇപ്പോൾ 40 ലക്ഷമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്ഥമായി കേരളത്തിൽ വയോജനങ്ങളുടെ സംഖ്യ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിൽ 60 വയസ്സിന്‌മേൽ പ്രായമായവരുടെ സംഖ്യ കുത്തനെ ഉയർന്നു.

വൃദ്ധസദനങ്ങൾ പെരുകാൻ കാരണം

കേരളത്തിലെ വയോജനങ്ങളിൽ 90 ശതമാനവും സ്വന്തം മക്കളോടൊപ്പം താമസിക്കുന്നവരാണ്. കൂട്ടുകുടുംബ സമ്പ്രദായം ഇല്ലാതാകുന്നതിന്റെയും കുടുംബങ്ങളുടെ വലിപ്പം കുറയുന്നതിന്റെയും യുവാക്കൾ തൊഴിൽ തേടി അന്യരാജ്യങ്ങളിൽ പോകുന്നതിന്റെയും ഫലമായി വൃദ്ധജനങ്ങൾ സംരക്ഷണത്തിന് ആളില്ലാത്ത അവസ്ഥയിലാകുകയാണ്. വയോജനസംരക്ഷണം നിയമങ്ങളുടെ പിൻബലത്തിൽ നടപ്പിലാകുന്നതല്ല മറിച്ച് പ്രായമായവരെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന അവബോധം സമൂഹത്തിൽ ഉണ്ടാകണം. വയോജനസംരക്ഷണ പ്രവർത്തനങ്ങളിൽ ഒട്ടേറെ സംഭാവനകൾ നൽകാൻ സന്നദ്ധസംഘടനകൾക്ക് കഴിയുമാറകട്ടെ….!ഒപ്പം കുടുംബത്തിൽ കഴിയാനവസരമൊരുക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണ്…!

 

തയ്യാറാക്കിയത്

കെ. പ്രേമച്രന്രൻനായർ
Share

Leave a Reply

Your email address will not be published. Required fields are marked *