കണ്ടന്‍കുട്ടി; പൈതൃക കലകളുടെ കളിത്തോഴന്‍

കണ്ടന്‍കുട്ടി; പൈതൃക കലകളുടെ കളിത്തോഴന്‍

കക്കോടി പഞ്ചായത്തില്‍ പാര്‍ത്ഥസാരഥിയില്‍ മൂത്തോറന്റെയും ആച്ചയുടേയും മകനായി ജനിച്ച കണ്ടന്‍കുട്ടി ബാല്യകാലം തൊട്ടേ കലകളുടെ കൂട്ടുകാരനായിരുന്നു. കോതാടത്ത് എല്‍.പി സ്‌കൂള്‍, കാരപ്പറമ്പ് യു.പി, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനകാലത്ത് തന്നെ കലാ-സാഹിത്യ മത്സരങ്ങളില്‍ കണ്ടന്‍കുട്ടി ഒന്നാമനായി. അച്ഛന് നേവിയിലായിരുന്നു ജോലി, കരിയപ്പ രാജ്യരക്ഷാ മന്ത്രിയായിരുന്നപ്പോള്‍ വെസ്റ്റ്ഹില്ലില്‍ നിന്നും മിലിട്ടറി ക്യാമ്പ് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. 1970ല്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ് കോയമ്പത്തൂരിലെ ബോറിംഗ് (RECP) കമ്പനിയില്‍ കണ്ടന്‍കുട്ടി ജോലി ചെയ്തു. അവിടെ ജോലി സ്ഥിരതക്ക് വേണ്ടി നടത്തിയ സമരത്തിന്റെ ഫലമായി കേസായി. കണ്ടന്‍കുട്ടിയടക്കം ഏഴ് പേരെ പിരിച്ചുവിട്ടു. ഇക്കാലത്താണ് കണ്ടന്‍കുട്ടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ജോലി ലഭിക്കുന്നത്. പിന്നീട് അവിടെനിന്ന് പ്രൊമോഷനോടെ ബീച്ച് ആശുപത്രിയിലും തുടര്‍ന്ന് പ്രൊമോഷനോടെ തന്നെ
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലും നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്തു. ജോലിക്കിടയിലും നാട്ടിലെ കലാ-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. ന്യൂസ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ വോളിബോള്‍ പ്ലെയറായും കക്കോടി ഡയമണ്ടിന് വേണ്ടി കളിക്കാനും പ്രമേന്‍, സദാശിവന്‍ കൂട്ടുക്കെട്ട് ക്ലബിനെ ഉന്നതിയില്‍ എത്തിച്ചതില്‍ കണ്ടംകുട്ടിയുടെ പങ്ക് വലുതാണ്. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്വന്തമായി നാടകമെഴുതി. നാടകത്തില്‍ പ്രശസ്ത സിനിമാതാരമായി മാറിയ അഗസ്റ്റിനെ അഭിനയം പഠിപ്പിച്ച് അരങ്ങിലേക്ക് കൊണ്ടുവന്നതും കണ്ടന്‍കുട്ടിയായിരുന്നു. മലയാളം അധ്യാപകനായിരുന്ന ശിവാനന്ദന്‍ മാസ്റ്ററാണ് കണ്ടന്‍കുട്ടിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്.

എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന കാലം വിശപ്പിന്റെ കാലം കൂടിയായിരുന്നു. അച്ഛന്‍ ജോലിക്ക് പോയിരുന്ന മഠത്തില്‍ വീട്ടില്‍ സ്‌കൂളില്‍ കഞ്ഞിയില്ലായിരുന്ന ഒരു നാളില്‍ (അയിത്തം നിലനിന്നിരുന്ന കാലം കൂടിയായിരുന്നു അത്) അച്ഛന്റെ അടുത്തേക്ക് ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ചെന്നു. മണ്ണില്‍ കുഴിയുണ്ടാക്കി അതില്‍ ഇലവെച്ച് അതില്‍ ചോറു വിളമ്പി പോയതിനു ശേഷമേ ചോറിന്റെ അടുത്തേക്ക് അന്ന് ചെല്ലാന്‍ പാടുണ്ടായിരുന്നുള്ളൂ. അങ്ങലെ ഭക്ഷണം കഴിക്കുമ്പോള്‍ അവിടത്തെ തമ്പുരാന്‍ ചന്ദ്രശേഖരന്‍ ഏറാടി അച്ഛനോട് ചോദിച്ചു ‘ഇവന്‍ ഏതാ’. എന്റെ മകനാണെന്ന് പറയുകയും ഇന്ന് സ്‌കൂളില്‍ കഞ്ഞി ഇല്ലാത്തതിനാല്‍ വന്നാതെണെന്നും അച്ഛന്‍ മറുപടി നല്‍കിയപ്പോള്‍- ‘ഇവനൊക്കെ സ്‌കൂളില്‍ പോയാല്‍ ഇവിടത്തെ പശുവിനെ നോക്കാനും തേങ്ങ വെട്ടാനും ആരാ ഉണ്ടാവുക’ എന്ന മറു ചോദ്യമാണ് ഏറാടിയില്‍ നിന്നും ഉണ്ടായത്. ഇത് കേട്ടതോടെ പിന്നീടങ്ങോട്ട് പോയിട്ടില്ല. ആ ജീവിതാനുഭവങ്ങളാണ് അദ്ദേഹത്തെ കോണ്‍ഗ്രസുകാരനാക്കി മാറ്റിയത്.

കണ്ടന്‍കുട്ടി നെഹ്രുവിനെ കണ്ടതുംഇന്നും വിസ്മയത്തോടെ ഓര്‍ക്കുകയാണ്. അച്ഛന്റെ ചുമലില്‍ ഇരുന്നാണ് കടപ്പുറത്ത് നിന്ന് ഒരു മിന്നായം പോലെ നെഹ്രുവിനെ കണ്ടത്. അത് ജീവിതത്തിലെ മഹത്തായ ഒരു അനുഭവമാണെന്നദ്ദേഹം പറയുന്നു. കോയമ്പത്തൂരില്‍ ജോലി ചെയ്യുന്ന കാലത്താണ് മലുമച്ചാംപെട്ടി ഗ്രാമത്തില്‍ നിന്ന് ബസ് കയറി സിഡ്‌കോയിലിറങ്ങി, ഊടുപാതയിലൂടെ നടന്ന് പോത്തന്നൂര്‍ വിനായകന്‍ കല്‍കോവിലിന്റെ അടുത്ത് കുമാര്‍ ഭാഗവതരില്‍ നിന്നും രണ്ടുവര്‍ഷം സംഗീതം പഠിച്ചത്. 2017ല്‍ കോഴിക്കോട് ബാബുരാജ് അക്കാദമിയില്‍ ചേരുകയും സഞ്ജയന്‍ മാസ്റ്ററുടെ കീഴില്‍ മൂന്ന് വര്‍ഷം സംഗീതം അഭ്യസിക്കുകയും ചെയ്തു. മക്കട അയ്യപ്പന്‍ വിളക്ക് സന്നിധിയില്‍ കച്ചേരി നടത്താറുണ്ട്. ഇതിനിടയില്‍ സിനിമയിലും കണ്ടന്‍കുട്ടിയെ തേടി അവസരങ്ങളെത്തി. ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ, സൂപ്പര്‍മാന്‍ എന്നീ സിനിമകളില്‍ ചെറിയ വേഷം ചെയ്തു. നാടന്‍പാട്ടുകളുടെ വിപുലമായ ശേഖരം സൂക്ഷിക്കുകയും നാടന്‍പാട്ടുകള്‍ വശ്യമായി ആലപിക്കുകയും ചെയ്യുന്ന ഈ അുഗ്രഹീത ഗായകന്‍ ഭക്തിഗാനങ്ങളും, തമിഴ് ഗാനങ്ങളും, മാലയാള ഗാനങ്ങളും, കൊയ്ത്ത് പാട്ടുകളും മനോഹരമായി ആലപിക്കാറുണ്ട്. നിരവധി ചെറുകഥകളും നാടന്‍പാട്ടുകളും കവിതകളും രചിച്ചിട്ടുള്ള ഇദ്ദേഹം സംഗീത ശില്‍പ്പവും ചെയ്തിട്ടുണ്ട്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കാരപ്പറമ്പ് സ്‌കൂളില്‍ കെ.എസ്.യു സ്ഥാപിച്ച് സ്‌കൂള്‍ ലീഡറാവുകയും മണ്ഡലം-യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് , ബ്ലോക്ക്-കോണ്‍ഗ്രസ് ഭാരവാഹിയാവുകയും എന്‍.ജി.ഒ അസോസിയേഷന്‍ കെ.എസ്.എസ്.പി.എ, മലബാര്‍ ദേവസ്വംബോര്‍ഡ് മുന്‍ മെമ്പര്‍, നിര്‍മാണ തൊഴിലാളി മുന്‍ ജില്ലാ സെക്രട്ടറി എന്നീ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു കണ്ടന്‍കുട്ടി. ഇദ്ദേഹത്തിന്റെ കഴിവുകള്‍ പരിഗണിച്ച് മൂകാംബിക കലാക്ഷേത്രയുടെ പുരസ്‌കാരവും ചെമ്പൈ സംഗീതോത്സവത്തില്‍ പാടിയതിന് പാരിതോഷികവും ലഭിച്ചിട്ടുണ്ട്. മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന ഗ്രാമകലകളുടെ ഉപാസകനാണ് കണ്ടന്‍കുട്ടി എന്ന വ്യക്തിത്വം. അദ്ദേഹത്തിന്റെ കാവ്യസപര്യക്ക് കൈരളി കാതോര്‍ക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *