ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ചെറിയ ഇടവേള : മയ്യഴി ദേശീയ ഫുട്‌ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങി

ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് ചെറിയ ഇടവേള : മയ്യഴി ദേശീയ ഫുട്‌ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങി

ചാലക്കര പുരുഷു

മാഹി: ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ പതിനാറ് ടീമുകളിലായി പതിനഞ്ച് രാവുകളെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ ഫുട്‌ബോള്‍ മാമാങ്കത്തിന് സമാപനം. വൈകുന്നേരങ്ങളില്‍ മയ്യഴിയിലേക്ക് ഒഴുകിയെത്തുന്ന ‘വടകര മുതല്‍ കണ്ണൂര്‍ വരെയുള്ള ഫുട്ബാള്‍ പ്രേമികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒട്ടേറെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് മയ്യഴിയുടെ ദേശീയ ഫുട്‌ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങിയത്. മയ്യഴി ഫുട്‌ബോള്‍ ആറ് വര്‍ഷത്തിന് ശേഷമാണ് വീണ്ടും നടക്കുന്നതെന്ന് മുഖ്യ സംഘടകനും, കമ്മിറ്റി ചെയര്‍മാനുമായ ജിനോസ് ബഷീര്‍ പറഞ്ഞു. ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഏറെ വര്‍ഷത്തെ പാരമ്പര്യമുണ്ടെങ്കിലും, സെവന്‍സ് ഇപ്പോള്‍ പഴയതല്ല. പുതിയ കളി നിയമങ്ങള്‍ വന്നു. ഫിഫ നിയമങ്ങള്‍ തന്നെയാണ് ഇതിലും ബാധകമാക്കിയിട്ടുള്ളത്. കളികളുടെ വേഗത കൂട്ടാന്‍ ഗ്രൗണ്ടുകളുടെ വലിപ്പങ്ങളില്‍ വ്യത്യാസമുണ്ടാകും. ഗോള്‍ പോസ്റ്റുകളുടെ അളവുകളില്‍ വ്യത്യാസം കാണും. ഓഫ്‌ലൈന്‍ മേഖല സെവന്‍സില്‍ അത്ര കര്‍ശനമല്ലാത്തതിനാല്‍ കളി വേഗതയും സ്‌കോറുകളും കൂടും. അതുകൊണ്ടു തന്നെ കാണികള്‍ സെവന്‍സിനെ ഏറെ ഇഷ്ടപ്പെടും. 32 ടീമുകളും, 70 ടൂര്‍ണമെന്റ് കമ്മിറ്റികളും, 12 അമ്പയര്‍മാരുടെ പാനലുകളും ഉള്‍പ്പെട്ടതാണ് സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന്‍. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും ഒരു ടൂര്‍ണമെന്റില്‍ ഗ്രൗണ്ട് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന കളിക്കാര്‍ക്ക് ആ സീസണുകളിലെ മറ്റ് കളികള്‍ക്കും അയോഗ്യത കല്‍പ്പിക്കപ്പെടുമെന്നതിനാല്‍ മൈതാനങ്ങളില്‍ അച്ചടക്കം ഉറപ്പാക്കിയ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.

കണ്ണൂര്‍ ജില്ലയില്‍ പ്രധാനമായും ഏഴു ടൂര്‍ണമെന്റുകളാണുള്ളത്. അതില്‍ ആദ്യത്തെ മത്സരമാണ് മയ്യഴിയില്‍ നടന്നത്. എക്കാലത്തും മയ്യഴി മൈതാനത്ത് മലപ്പുറം ടീമുകള്‍ക്കുണ്ടായിരുന്ന ആധിപത്യം ഇത്തവണ കാണാനായില്ല. ഐ.എം.വിജയന്‍, ഡി.വൈ.എസ്.പി യായിരുന്ന സി.വി.പാപ്പച്ചന്‍, ഷറഫലി, വി.പി. സത്യന്‍, ഗോള്‍കീപ്പര്‍ തമ്പാന്‍, അപ്പുക്കുട്ടന്‍’ തുടങ്ങിയവരുടെ മയ്യഴികളിക്കളത്തിലെ മിന്നുന്ന പ്രകടനങ്ങള്‍ ഇന്നും മയ്യഴിക്കാര്‍ മറന്നിട്ടില്ല. മുമ്പ് കായിക വിനോദങ്ങള്‍ വിരലില്‍ എണ്ണാവുന്നത് മാത്രമായിരുന്നു , അതില്‍ പ്രധാനം ഇത്തരം കായിക വിനോദങ്ങള്‍ മാത്രമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല , ഫുട്‌ബോളിന്റെ മാന്ത്രിക ലോകത്തെ വിസ്മയ കാഴ്ച്ചകള്‍ എണ്ണമറ്റ ചാനലില്‍ ലൈവായും അല്ലാതെയും ആധുനിക സംവിധാനത്തിലൂടെ ലഭ്യമാണ്. ഇത്തരം വെല്ലുവിളികള്‍ക്ക് നടുവിലാണ് മയ്യഴി ഫുട്‌ബോള്‍ കൊറോണക്ക് ശേഷം വീണ്ടും നടത്താന്‍ ക്ലബ്ബ് തീരുമാനിച്ചത്. ഓരോ കളിക്കും ഭീമമായ തുക ചിലവ് വരുമെന്നതും കളക്ഷന്‍ പഴയത് പോലെ ഉണ്ടാവുമോയെന്ന ആശങ്കയും സ്‌പോണ്‍സര്‍മാരെ കിട്ടുമോയെന്നതുമടക്കം വെല്ലുവിളികള്‍ എറെയായിരുന്നുവെന്ന് ദേശത്തും വിദേശങ്ങളിലും ക്രിക്കറ്റ് അടക്കമുള്ള കളികള്‍ നടത്തി അനുഭവസമ്പത്തുള്ള ജിനോസ് ബഷീര്‍ പറഞ്ഞു. കഴിഞ്ഞ എല്ലാ കളികളും ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തത്. മയ്യഴി ഫുട്‌ബോള്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടുകൂടി തന്നെ ആസ്വദിക്കാനായി എന്നതില്‍ കാണികള്‍ക്കും സംഘാടകര്‍ക്കും അഭിമാനിക്കാം.

 

Share

Leave a Reply

Your email address will not be published. Required fields are marked *