കാട്ടുകൊമ്പന് പിഎം 2-വിനെയാണ് കുപ്പാടി വനമേഖലയ്ക്ക് സമീപം വനപാലകര്‍ മയക്കുവെടി വച്ച് വീഴ്ത്തിയത്
സുല്‍ത്താന്‍ബത്തേരി: ഒടുവില്‍ ഇടഞ്ഞബത്തേരിയെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനയെ മയക്കുവടിവച്ച് വീഴ്ത്തി. ദിവസങ്ങളായി സുല്‍ത്താന്‍ ബത്തേരിയെ വിറപ്പിച്ച കാട്ടുകൊമ്പന് പിഎം 2-വിനെയാണ് ഇന്ന് (തിങ്കള്‍) രാവിലെ ഒന്‍പത് മണിയോടെ വനപാലകര്‍ മയക്കുവെടിവച്ച് തളച്ചത്. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പി.എം. 2-ന് മയക്കുവെടിയേറ്റത്. മണീക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് വനപാലകര്‍ ലക്ഷ്യംകണ്ടത്. കഴിഞ്ഞദിവസം വനപാലകള്‍ കുങ്കിയാനയുമായി പി.എംടുവിനെ പിടികൂടാനെത്തിയെങ്കിലും ഇടയില്‍ മറ്റൊരു കാട്ടന എത്തിയപ്പോള്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം മുഴുവന്‍ കാട്ടാനകള്‍ പിടികൊടുക്കാതെ വനപാലകരെ കാട് മുഴുവന്‍ ചുറ്റിച്ചു. ജില്ലയുടെ വിവിധ ഡിവിഷനുകളിലേയും ആര്.ആര്.ടിയിലേയുമടക്കം 150ഓളം വനപാലകരാണ് ദൗത്യത്തില്‍ പങ്കെടുത്തത്. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ്ലൈഫ് വാര്ഡന് അബ്ദുള്‍ അസീസ്, എ.സി.എഫ് ജയിംസ് മാത്യു, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സഖറിയ എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്. ബത്തേരിയില്‍ നിന്നും 16 കിലോമീറ്റര്‍ മാറി മുത്തങ്ങയിലുള്ള ആനപ്പന്തിയിലെ കൂട്ടിലേക്കാവും പി.എം 2-നെ മാറ്റുക. ഇതിനോടകം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങി. പിഎം 2-നെ കൊണ്ടു പോകാനുള്ള ലോറി കാട്ടിനുള്ളിലേക്ക് പോകും. ലോറിക്ക് പോകാനുള്ള വഴി ജെ.സി.ബി വച്ച് ഒരുക്കി. ജനുവരി ആറിനാണ് കാട്ടാന നാട്ടിലിറങ്ങിയത്. കാല്‍നട യാത്രികനെ ആക്രമിക്കുകയും, സ്വകാര്യ വ്യക്തിയുടെ മതില് തകര്‍ക്കുകയും ചെയ്ത് പി.എം-2 വലിയ ഭീതിയാണ് ആളുകളില്‍ സൃഷ്ടിച്ചത്.