കാസര്‍കോട്: പെരുമ്പള ബേനൂരില്‍ കോളേജ് വിദ്യാര്‍ഥിനി അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പോലിസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍. വിദ്യാര്‍ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്‍ പോലിസിനോട് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് പോലിസ് കസ്റ്റഡിയിലെടുത്ത അല്‍റൊമാന്‍സിയ ഹോട്ടല്‍ ഉടമയേയും രണ്ട് ജീവനക്കാരേയും വിട്ടയച്ചു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പോലിസ് പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണടക്കം കസ്റ്റഡിയില്‍ എടുത്തിരുന്നു. അതേ സമയം കേസിലെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ച ശേഷം അഞ്ജുശ്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്ന് പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ കരുണാകരന്‍ പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ ചികിത്സ നേടിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധ അല്ലെങ്കില്‍ മരണത്തിന് മറ്റ് കാരണങ്ങള്‍ എന്തെന്ന് കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 31നാണ് അഞ്ജുശ്രീ പാര്‍വതിയും സുഹൃത്തുക്കളും അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. അടുത്ത ദിവസ രാവിലെ പെണ്‍കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.