മാഹി: പള്ളൂര്‍ പ്രിയദര്‍ശിനി യുവകേന്ദ്രയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മയ്യഴി മേളം സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. ‘കലയാണ് ലഹരി’ എന്ന സന്ദേശം ഉയര്‍ത്തി മാഹി മേഖലയിലെ 34ഓളം സര്‍ക്കാര്‍-സ്വാകര്യ വിദ്യാലയങ്ങളില്‍ നിന്ന് പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള 1800ല്‍പരം വിദ്യാര്‍ത്ഥികള്‍ കലോത്വത്തില്‍ മാറ്റുരക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി, ജൂനിയര്‍ എല്‍.പി, സീനിയര്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ചാമ്പ്യന്‍ഷിപ്പും, കലാതിലകം, കലാപ്രതിഭ പുരസ്‌കാരവും നല്‍കുന്നുണ്ട്.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും പ്രശസ്തി പത്രവും നല്‍കുന്നതാണ്. മയ്യഴി മേളത്തിന്റെ ഉദ്ഘാടനം പതാക ഉയര്‍ത്തിയതിനു ശേഷം ഭദ്രദീപം കൊളുത്തി മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ നിര്‍വഹിച്ചു. സത്യന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു. കെ.കെ.രാജീവ്, എം.മുസ്തഫ, അനന്ദ് കുമാര്‍ പറമ്പത്ത്, ശ്യാം സുന്ദര്‍, ടി.കെ.ഗോപിനാഥ്, എം.എ.കൃഷണന്‍, കെ.എം.പവിത്രന്‍ സംസാരിച്ചു. രണ്ടാം ദിനമായ നാളെ (ജനുവരി 8) വൈകുന്നേരം അഞ്ച് മണിക്ക് മേളയുടെ സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് നിര്‍വഹിക്കും. ചടങ്ങില്‍ മുഖ്യാഥിതിയായി നടന്‍ ഉണ്ണിരാജ് സംബന്ധിക്കും.