ചാലക്കര പുരുഷു
മാഹി: 39ാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മാഹി പ്ലാസ് ദ് ആംസ് ഗ്രൗണ്ടില്‍ വിദേശ കളിക്കാരുടെ ബാഹുല്യം. കാല്‍പന്ത് കളിയുടെ തീപാറും പോരാട്ടങ്ങളുടെ ആവേശോജ്ജ്വലമായ 14ാംനാള്‍ പിന്നിടുമ്പോള്‍, അമ്പതിലേറെ വിദേശകളിക്കാരാണ് മൈതാനത്ത് മാന്ത്രിക ചലനങ്ങളിലുടെ, നൂതനമായ അടവ് തന്ത്രങ്ങളിലൂടെ കാണികളുടെ അരുമകളായി മാറിയത്. ഐവറി കോസ്റ്റ്, ഘാന, സുഡാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ കളിക്കാരാണ് പ്രധാനമായും വിവിധ ടീമുകളുടെ പ്രധാന ആകര്‍ഷക കേന്ദ്രങ്ങളാവുന്നത്. ഒരു ടീമില്‍ മൂന്ന് വിദേശ കളിക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. കേരള സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന്റെ അനുമതിയോടെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ ഈ ഫുട്ബാള്‍ സീസണ്‍ മുഴുവന്‍ കേരളത്തിലെ 32 അംഗീകൃത ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയിട്ടുള്ളത്. കളി മേന്‍മയേക്കാള്‍, തളര്‍ച്ചയില്ലാത്ത പോരാട്ട വീര്യമാണ് വിദേശ കളിക്കാരെ ശ്രദ്ധേയരാക്കുന്നത്. ഇരുപക്ഷത്തും തദ്ദേശിയരായ കളിക്കാര്‍ക്ക് സ്റ്റാമിന പകരുന്ന വിദേശികള്‍, ആവേശത്തിന്റെ അലമാലകള്‍ തീര്‍ക്കുകയാണ്. നവീനങ്ങളായ അടവ് മുറകള്‍ പയറ്റുകയാണ്. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍, പലപ്പോഴും ഗാലറികളെയാകെ ഇളക്കിമറിക്കുകയാണ്. വൈകുന്നേരങ്ങളില്‍ നാടിന്റെ നാനാഭാഗത്തു നിന്നുമുള്ള ഫുട്ബാള്‍ പ്രേമികള്‍ ഫുട്ബാള്‍ മാമാങ്കം നടക്കുന്ന മയ്യഴി മൈതാനിയിലേക്ക് ഒഴുകിയെത്തുകയാണ്