സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിര്‍ത്താന്‍ നീക്കം; സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിര്‍ത്താന്‍ നീക്കം; സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച സെക്രട്ടറിതല നിര്‍ദേശത്തെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ഈ മാസം പത്തിന് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ്. ഓണ്‍ലൈനായാണ് യോഗം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരണപ്പെട്ട് ഒരു വര്‍ഷത്തിനകം ലഭിക്കുന്ന നിയമനം സ്വീകരിക്കാന്‍ സമ്മതമുള്ള യോഗ്യരായ അപേക്ഷകര്‍ക്ക് അപ്രകാരവും അങ്ങനെയല്ലാത്തവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കാനാണ് സെക്രട്ടറി തല കമ്മിറ്റി നിര്‍ദേശം. ഓരോ വര്‍ഷവും ഓരോ വകുപ്പില്‍ വരുന്ന ഒഴിവുകളില്‍ അഞ്ചു ശതമാനമാണ് ആശ്രിത നിയമനത്തിനായി മാറ്റിവയ്ക്കുന്നത്. ആശ്രിത നിയമനം അഞ്ച് ശതമാനമായി പരിമിതപ്പെടുമ്പോള്‍ കാലതാമസം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വാദം. അത് പരിഹരിക്കാനാണ് ഉദ്യോഗസ്ഥര്‍ മരിച്ച് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം ആശ്രിത നിയമനം നല്‍കിയാല്‍ മതിയെന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടത്.

പല വകുപ്പുകളിലും അഞ്ച് ശതമാനത്തിനേക്കാള്‍ കൂടുതല്‍ ആശ്രിത നിയമനങ്ങള്‍ ഓരോ വര്‍ഷവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും ഉണ്ടാകുന്ന ഒഴിവുകളില്‍ അഞ്ച് ശതമാനം മാത്രമേ ആശ്രിത നിയമനം നടത്താവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ തള്ളിയിരുന്നു. അതേ സമയം ഹൈക്കോടതി വിധിയുടെ മറവില്‍ ആശ്രിത നിയമനം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സര്‍വീസ് സംഘടനകള്‍ ആരോപിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *