കോഴിക്കോട്: കെ.എന്‍.എം മര്‍കസുദഅ്‌വ സംസ്ഥാന സമിതിയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ 10ാമത് മുജാഹിദ് സംസ്ഥാന സമ്മേളനം ഡിസംബര്‍ 28, 29, 30, 31 തിയതികളില്‍ മലപ്പുറത്ത് നടക്കും. ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്ന പുതിയ കാലത്ത് ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഏകദൈവ വിശ്വാസം, വിശ്വ മാനവികത, സഹിഷ്ണുത, ധാര്‍മ്മിക മൂല്യങ്ങള്‍ തുടങ്ങിയവയുടെ സന്ദേശം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുകയെന്നതാണ് സമ്മേളനം പ്രധാനമായി ലക്ഷ്യം വെക്കുന്നത്. പ്രസ്ഥാനം തുടര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ, ആതുര സേവന, ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണവും ഏകോപനവും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നു. സൗഹൃദ കേരളത്തിന്റെ വീണ്ടെടുപ്പിനായി വുപുലമായ കര്‍മ പദ്ധതികളുണ്ടാവും. കെ.എന്‍.എം. മര്‍കസുദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ അഹമ്ദ്കുട്ടി സമ്മേളന പ്രഖ്യാപനം നടത്തി. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ. അബ്ദുല്‍ ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം. മര്‍കസുദഅ്‌വ ജന: സെക്രട്ടറി സി.പി. ഉമര്‍സുല്ലമി ആമുഖ ഭാഷണം നടത്തി. എം.അഹ്‌മദ് കുട്ടി മദനി, അഡ്വ.മുഹമ്മദ് ഹനീഫ, കെ.പി അബ്ദുറഹിമാന്‍ സുല്ലമി, സി മമ്മു കോട്ടക്കല്‍, സി അബ്ദുല്ലതീഫ് മാസ്റ്റര്‍, അബ്ദുസ്സലാം പുത്തൂര്‍, കെ.പി അബ്ദു റഹ്‌മാന്‍ ഖുബ, കെ.എം. ഹമീദലി ചാലിയം, ആദില്‍ നസീഫ് മങ്കട, അയ്യൂബ് എടവനക്കാട്, ഷാനവാസ് ചാലിയം, വി.സി മറിയക്കുട്ടി സുല്ലമിയ്യ, സഫൂറ തിരുവണ്ണൂര്‍, സജ്‌ന പട്ടേല്‍താഴം, തഹലിയ നരിക്കുനി എന്നിവര്‍ സന്നിഹിതരായി.