കിളിമാനൂർ കൊട്ടാരം ചരിത്രസംഗ്രഹം കിളിമാനൂർ രാജവംശവും രാജാ രവിവർമ്മയും

കിളിമാനൂർ കൊട്ടാരം ചരിത്രസംഗ്രഹം കിളിമാനൂർ രാജവംശവും രാജാ രവിവർമ്മയും

തലസ്ഥാനനഗരിയായ തിരുവനന്തപുരത്തുനിന്നും വടക്കോട്ട് ഏകദേശം 40 കിലോമീറ്റർ പിന്നിട്ടാൽ കിളിമാനുരിലെത്താം. രണ്ടരപതിറ്റാണ്ട് മുമ്പ് വരെ കിളിമാനൂർ വനപ്രദേശമായിരുന്നു. ഇവിടെ കിളികളും മാനുകളും യഥേഷ്ടം വിഹരിച്ചിരുന്നു. അതായത് കിളിയും മാനും ഉള്ള ഊരായിരുന്നുവത്രെ കിളിമാനൂർ. ശാന്തസുന്ദരവും പ്രകൃതിരമണീയവുമായ ഈ പ്രദേശത്ത് നിതൃഹരിതമായി കിളിമാനൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നു. ഈ കൊട്ടാരത്തിലാണ് കലയുടെ രാജകുമാരൻ ലോകപ്രശസ്തചിത്രകാരൻ രാജാരവിവർമ്മ ജനിച്ചത്.
1880ൽ വടക്കൻ കേരളത്തിലെ പരപ്പനാട്ടു രാജവംശത്തിൽ നിന്നും ഉമയമ്മറാണി രണ്ട് കുട്ടികളെ ദത്തെടുത്തു. ഉണ്ണി കേരളവർമ്മയും സഹോദരിയും. കൊച്ചുകോയിക്കലെന്ന പേരിൽ ഒരു കൊട്ടാരം ഉമയമ്മറാണി അവർക്ക് പണിയിച്ചുകൊടുത്തു. ആ പെൺകുട്ടിയുടെ പിതാവായ ഇത്തമ്മർതമ്പുരാന്റെ അനന്തിരവൻ രാഘവവർമ്മ ആ പെൺകുട്ടിയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ മകനാണ് മാർത്താണ്ഡവർമ്മ. വിദേശികൾക്കെതിരെ മാർത്താണ്ഡവർമ്മയെ വകവരുത്താൻ നടന്ന ഏട്ടുവീടരേയും സഹായികളേയും നശിപ്പിക്കാൻ കിളിമാനൂർ കൊട്ടാരക്കാർ പ്രധാന പങ്കുവഹിച്ചു. കുട്ടിയായിരുന്ന ധർമ്മരാജാവിനേയും മാതാവിനേയും രക്ഷിക്കാനുള്ള ശ്രമത്തിലാണ് കിളിമാനുരിലെ രാജാരവിവർമ്മ ചരമം പ്രാപിച്ചത്. ആറ്റിങ്ങലിനടുത്തുവച്ചായിരുന്നു ആ സംഭവം. രവിവർമ്മയുടെ ജീവത്യാഗം ഇല്ലായിരുന്നുവെങ്കിൽ തീരുവിതാംകൂറിന്റെ ചരിത്രംതന്നെ മാറുമായിരുന്നു.
കൊല്ലവർഷം 1903-ൽ മാർത്താണ്ഡവർമ്മയേയും വേണാടിനേയും തകർക്കാൻ 1742-ൽ കൊല്ലത്തുനിന്ന് ഡച്ചുകാരും കായംകുളം രാജാവും കിളിമാനുരേയ്ക്ക് പടയോട്ടം നടത്തി. അന്നത്തെ വേണാടിന്റെ ശക്തികേന്ദ്രമായ കിളിമാനൂരിനെ തകർക്കാൻ വേണ്ടിയായിരുന്നു. കിളിമാനൂരിന്റെ നാനാഭാഗത്തുമുള്ള നായർ പടയാളികളെ ഒത്തുകൂട്ടി കിളിമാനൂർ കൊട്ടാരത്തിലെ കേരളവർമ്മ ഡച്ചുസേനയോടു ഏറ്റുമുട്ടി. ഭാരതത്തിൽ ഒരു സൈന്യം ഒരു പാശ്ചാത്യസേനയെ പരാജയപ്പെടുത്തുന്ന ആദ്യസംഭവമായിരുന്നു അത്. അതിനിടെ ഡച്ചുകാരുടെ പീരങ്കിപ്രയോഗത്തിൽ കിളിമാനൂർ കൊട്ടാരം പാടെ തകർന്നു.
കിളിമാനൂരിൽ നിന്ന് 8 കിലോമീറ്റർ അപ്പുറം വാമനപുരത്ത് വെച്ച് 40 ദിവസം നീണ്ട യുദ്ധത്തിൽ ഡച്ചുസേനയും കായംകുളം രാജാവും കൊല്ലപ്പെട്ടു. മാർത്താണ്ഡവർമ്മ ശത്രുക്കളെ വക വരുത്തി വേണാട് സ്ഥാപിച്ചശേഷം, തന്നെ രക്ഷിച്ച കിളിമാനൂർ കോവിലകക്കാരെ മറന്നില്ല. വീരന്മാരായ രവിവർമ്മയുടേയും കേരളവർമ്മയുടേയും നിത്യസ്മാരകമായി കരമൊഴിവായി 17 ചതുരശ്രമൈൽ സ്ഥലവും പുതിയ കൊട്ടാരവും എ.ഡി.1753-ൽ മാർത്താണ്ഡവർമ്മ ദാനം ചെയ്തു. അതാണ് ഇന്നത്തെ കിളിമാനൂർ കൊട്ടാരം…

കിളിമാനൂർ കൊട്ടാരം

1809-ൽ തലകുളത്ത് വേലുതമ്പിദളവ ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം വേലുതമ്പി തന്റെ ഉടവാൾ, കിളിമാനൂർ കൊട്ടാരത്തിലെത്തി അണിമംഗലം നമ്പൂതിരിയെ ഏല്പിച്ചു. ഈ ഉടവാൾ തിരക്കി ബ്രിട്ടീഷ് പട്ടാളം തിരുവിതാംകൂർ അരിച്ചുപെറുക്കിയെന്നാണ് ചരിത്രം. അഥവാഉടവാൾ കൊട്ടരത്തിലുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ കൊട്ടാരം അവർ നശിപ്പിക്കുമായിരുന്നു. 150 വർഷം ഉടവാൾ കിളിമാനൂർ കൊട്ടാരത്തിൽ സൂക്ഷിച്ചു. ഒടുവിൽ കൊട്ടാരം അധികൃതർ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദിന് കൈമാറി. അത് 1957-ൽ ആയിരുന്നു. ഇന്ന് ആ വാൾ ഡൽഹി നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

രാജാരവിവർമ്മ

ലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മ ജനിച്ചതും വളർന്നതും ഈ കൊട്ടാരത്തിലാണ്. അദ്ദേഹത്തിന്റെ ജന്മദിനം ഏപ്രിൽ 29 ആണ്. 1906 ഒക്ടോബർ 2- ന് ചരിത്ര പുരുഷന്റെ വിടവാങ്ങൽ. അമ്മാവനായ രാജരാജവർമ്മയും അനുജത്തി മംഗളാഭായിയും ചിത്രകലയിൽ പ്രാവിണ്യം നേടിയിരുന്നു. രാജരാജവർമ്മ രചിച്ച A TOUR IN UPPER INDIA എന്ന ഗ്രന്ഥം യാത്രകളിലൂടെ നേടിയ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള അറിവും പുരാണേതിഹാസവും ജ്ഞാനവും ചിത്രരചനയ്ക്ക് സഹായമേകി. 1904- ൽ ബ്രിട്ടീഷ് ഗവൺമെന്റ് കൈസർ എ ഹിന്ദ് എന്ന ബഹുമതി നൽകി ആദരിച്ചു. രാജാരവിവർമ്മ 1866-ൽ മാവേലിക്കര ഉത്സവമഠം കൊട്ടാരത്തിലെ പുരുട്ടാതിതിരുനാൾ തമ്പുരാട്ടിയെ വിവാഹം കഴിച്ചു.

1873-ൽ മദ്രാസിൽ നടന്ന ചിത്രപ്രദർശനത്തിൽ ”മുല്ലപ്പൂവ്ചൂടിയ നായർ വനിത” അവാർഡ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഗവർണ്ണരുടെ സ്വർണ്ണമെഡൽ നേടി.
മാതാവ് – ഉമാംബഭായിതമ്പുരാട്ടി
പിതാവ് – എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാട്
ഇവരുടെ സീമന്തപുത്രനായി 1848 ഏപ്രിൽ 29-ന് പൂരുട്ടാതി നക്ഷത്രത്തിൽ രാജാരവിവർമ്മ ജനിച്ചു. കഥകളി അഭ്യാസത്തിലും ചെണ്ടകൊട്ടിലും കഥകളിപ്പദപാരായണത്തിലും കർണ്ണാടകസംഗീതത്തിലുമൊക്കെ പാടവം തെളിയിച്ച രവിവർമ്മയെന്ന ബാലൻ ചിത്രരചന ഒരു തപസ്യയായി കാണുകയായിരുന്നു. അദ്ദേഹത്തിന്റെ ”കേരളദേശീയത”ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. നൂറ്‌നൂറ് പുഷ്പങ്ങൾ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നമുക്ക് സമർപ്പിക്കാം…പോയകാലത്തെ ഗതകാലസ്മരണകൾ അയവിറക്കിക്കൊണ്ട് തലയെടുപ്പോടെ ഇന്നും നിതൃഹരിതമായി നില്ക്കുകയാണ് ഈ കൊട്ടാരസമുച്ചയം. സ്വദേശികളും വിദേശികളുമൂൾപ്പെടെ ധാരാളം സന്ദർശകർ ഇവിടെ എത്താറുണ്ട്.

പ്രശസ്തമായ രവിവർമ്മ ചിത്രങ്ങൾ

ശകുന്തളാജനനം, തമിഴ്മഹിളകളുടെ സംഗീതാലാപം,സരസ്വതി, ശകുന്തളയുടെ പ്രേമലേഖനം, മഹാലക്ഷ്മി, ഹംസവും ദമയന്തിയും, നിലാവത്തറിയുന്ന സുന്ദരി, ഹിയർകം പപ്പാ തുടങ്ങി പിന്നെ വിശ്വാമിത്രനും മേനകയും, ശ്രീരാമപട്ടാഭിഷേകം…. രവിവർമ്മ ചിത്രങ്ങൾക്ക് ലക്ഷങ്ങളുടെ വിലയുണ്ട്. ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള കിളിമാനൂർ കൊട്ടാരത്തിന്റെ ഭിത്തികളിൽ ക7മാരകാലത്ത് രവിവർമ്മ കരികൊണ്ട് വരച്ചചിത്രങ്ങൾ ചുമരുകളിൽ ഇന്നും കാണാൻ കഴിയും!

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *