സജി ചെറിയാന്‍ വീണ്ടും മന്ത്രിപദത്തിലേക്ക്; സത്യപ്രതിജ്ഞ നാളെ

സജി ചെറിയാന്‍ വീണ്ടും മന്ത്രിപദത്തിലേക്ക്; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: ഭരണഘടനവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിപദം സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന്. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞക്ക് അനുമതി നല്‍കി. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ തിരുവല്ല കോടതിയില്‍ കേസ് നില നില്‍ക്കുന്നുണ്ട്. ചീഫ് സെക്രട്ടറിയും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അറിയിപ്പ് ലഭിച്ചാലുടന്‍ തിരുവനന്തപുരത്തേക്ക് പോകുമെന്നും സജി ചെറിയാന്‍ പറഞ്ഞു. സജി ചെറിയാനെ മന്ത്രിസഭയിലേക്ക്് തിരിച്ചെടുക്കുന്നതില്‍ ഗവര്‍ണര്‍ നേരത്തെ നിയമോപദേശം തേടിയിരുന്നു. ഹൈക്കോടതിയിലെ ഗവര്‍ണറുടെ സ്റ്റാന്‍ഡിങ്ങ് കൗണ്‍സിലിനോടാണ് നിയമോപദേശം തേടിയത്. എന്നാല്‍, സര്‍ക്കാര്‍ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ അംഗീകരിക്കണമെന്നാണ് ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ച് നാളെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്. നാളെ വൈകിട്ട് നാലിന് സത്യപ്രതിജ്ഞ നടക്കും.
സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ തിരുവല്ല കോടതിയെ സമീപിച്ചു. പോലിസ് റിപ്പോര്‍ട്ടിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ തീരുമാനമാകും വരെ തീരുമാനം മാറ്റിവയ്ക്കണമെന്നുമാണ് ആവശ്യം. മല്ലപ്പള്ളി പ്രസംഗക്കേസിലെ പരാതിക്കാരനായ അഡ്വ. ബൈജു നോയലാണ് തടസവാദം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പോലിസ് ആത്മാര്‍ഥതയില്ലാത്ത അന്വേഷണം നടത്തിയ സാഹചര്യത്തില്‍ കേസ് സി.ബി.ഐയെയോ കര്‍ണാടക പോലിസിനെയോ ഏല്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയിലെ ഹര്‍ജിയിലെ ആവശ്യം. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചതിന് തെളിവില്ലെന്ന കണ്ടെത്തലോടെയാണ് തിരുവല്ല പോലിസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
രണ്ടാം പിണറായി മന്ത്രിസഭയില്‍ ഫിഷറീസ് സാംസ്‌കാരിക മന്ത്രിയായിരുന്നു സജി ചെറിയാന്‍. ഭരണഘടനയെ അപമാനിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റ പേരിലാണ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പ്രസംഗവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് വന്ന സാഹചര്യത്തില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് മന്ത്രിസ്ഥാനം രാജിവെയ്ക്കുയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *