വിശ്വനാദം നിലച്ചിട്ട് ഒരു വര്‍ഷം; വിതുമ്പലോടെ കൈതപ്രം

വിശ്വനാദം നിലച്ചിട്ട് ഒരു വര്‍ഷം; വിതുമ്പലോടെ കൈതപ്രം

കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകനും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനുമായ കൈതപ്രം വിശ്വനാഥന്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. തിരുവണ്ണൂര്‍ സ്വാതിതിരുനാള്‍ കലാകേന്ദ്രം ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ കുടുംബാംഗങ്ങള്‍ സംഘടിപ്പിച്ച ഒന്നാം ചരമവാര്‍ഷിക അനുസ്മരണം പ്രശസ്ത സംവിധായകനും കുടുംബ സുഹൃത്തുമായ ജയരാജ് ഉദ്ഘാടനം ചെയ്തു. വിശ്വന്‍ നമ്മെ വിട്ടുപോയിട്ടില്ല. നമുക്ക് ചുറ്റുമുണ്ട്. വിശ്വന്‍ ഒരു അനുജനായിരുന്നില്ല , ഒരു മകനായിരുന്നു. വിതുമ്പലോടെ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. കലാകേന്ദ്രം ഓഡിറ്റോറിയത്തിന് ചടങ്ങില്‍ വച്ച് വിശ്വനാദം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കൈതപ്രം വിശ്വനാഥന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നവാഗത സംഗീത സംവിധായകനുള്ള അവാര്‍ഡും പ്രഖ്യാപിച്ചു.

അജിത്ത് നമ്പൂതിരി (അമൃത ടി വി ), സുഹൃത്തും സഹപാഠിയുമായ ചങ്ങനാശ്ശേരി മാധവന്‍ നമ്പൂതിരി, ദീപു, കാസ്റ്റിംഗ് ഡയരക്ടര്‍ ഹരി അഞ്ചല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ സുഹൃത്തുക്കളും സഹപാഠികളും ശിഷ്യരും ചേര്‍ന്ന് സംഗീതാര്‍ച്ചനയും നടത്തി. കൈതപ്രം വിശ്വനാഥന്റെ പത്‌നിയും മക്കളും കുടുംബങ്ങളും സന്നിഹിതരായി. രണ്ടാഴ്ച മുന്‍പ് നീലേശ്വരത്ത് വച്ച് സുഹൃത്തുക്കളും ശിഷ്യരും ചേര്‍ന്ന് കൈതപ്രം വിശ്വനാഥന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗാനാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചിരുന്നു.

കൈതപ്രം വിശ്വനാഥന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ആദ്യത്തെ അവാര്‍ഡ് ലഭിച്ചത് ഹൃദയം ചിത്രത്തിന്റെ സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബിനാണ്. അവാര്‍ഡ് പിന്നീട് വിപുലമായ ചടങ്ങില്‍ വച്ച് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മലയാളികള്‍ ഇന്നും മൂളിക്കൊണ്ടിരിക്കുന്ന തിളക്കം സിനിമയിലെ നീയൊരു പുഴയായ് തഴുകുമ്പോഴും സാറെ , സാറെ സാമ്പാ റെ, എനിക്കൊരു പെണ്ണുണ്ട് , കണ്ണകിയിലെ പാട്ടുകളുമെല്ലാം മലയാള ഭാഷ നിലനില്‍ക്കുന്ന മരണമില്ലാത്ത കാലത്തോളം അകാലത്തില്‍ പൊലിഞ്ഞ മുറുക്കി ചുവപ്പിച്ച ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ത്തി താടി തടവി രാഗങ്ങള്‍ മൂളിക്കൊണ്ടിരിക്കുന്ന പ്രിയപ്പെട്ടവരുടെ വിശ്വേട്ടന്‍ ഓരോ മനസ്സുകളിലും എന്നും ജീവിച്ചു കൊണ്ടേയിരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *