മയ്യഴിയുടെ ഫുട്ബാള്‍ പെരുമയുടെ നേരവകാശികളായി തലയെടുപ്പോടെ ഇളംതലമുറക്കാര്‍

മയ്യഴിയുടെ ഫുട്ബാള്‍ പെരുമയുടെ നേരവകാശികളായി തലയെടുപ്പോടെ ഇളംതലമുറക്കാര്‍

ചാലക്കര പുരുഷു

മാഹി: ‘പ്ലാസ് ദ് ആംസ് ‘മൈതാനം , മയ്യഴിക്കാരുടെ ദേശീയ ബോധത്തിന് സല്യൂട്ട് നല്‍കുന്ന ഭൂമികയാണ്. ഇത് മയ്യഴിയിലെ സേനാ വിഭാഗങ്ങള്‍ ഉശിരിന്റെ പദ സഞ്ചലനം നടത്തുന്ന പടനിലമാണ്. മയ്യഴിക്കാരുടെ രാവുകളെ പകലുകളാക്കിയ മഹോത്സവങ്ങളുടെ രംഗ വേദിയാണ്. ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ ഒട്ടേറെ ഫുട്ബാള്‍ മത്സരങ്ങളില്‍ അഗ്‌നി ചിതറുന്ന പോരാട്ടം കാഴ്ചവെച്ച കളിക്കളമാണ്. ഫ്രഞ്ചുകാര്‍ കാല്‍പ്പന്ത് കളിക്ക് മായിക ചാരുതയേറ്റിയ മണ്ണാണ്. കാല്‍പ്പന്തിനെ, തലമുറകളിലേക്ക് പാസ് ചെയ്തു വന്ന, മിടുക്കന്മാരായ കളിക്കാരുടെ അങ്കത്തട്ടാണ്. അഭിമാനിക്കാന്‍, തലയെടുപ്പോടെ പറയാന്‍, ഈ മൈതാനത്ത് ഒട്ടേറെ വീരേതിഹാസങ്ങളുണ്ട്. മയ്യഴിക്കാരനായ സുധീര്‍ കുമാര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റനായിരുന്നു. നിവില്‍ രാജ് സര്‍വീസസ് ഫുട്ബാള്‍ ടീമിന്റെ നായകനായിരുന്നു.

കെ.കെ സുധാകരന്‍ മാസ്റ്റര്‍, കൃപ റാം, ഉമേഷ് ബാബു, ദാസന്‍ എന്നിവര്‍ സന്തോഷ് ട്രോഫി കളിക്കാരായിരുന്നു. കൃപറ്റം മഹീന്ദ്ര ആന്റ് മഹീന്ദ്ര ടീമിലെ അംഗമായിരുന്നു കെ.കെ.ബാലചന്ദ്രന്‍ ,സഞ്ജയ് എന്നിവര്‍. ഇന്ത്യന്‍ ഫയര്‍ഫോഴ്‌സ് ടീമിലും താരങ്ങളായിരുന്നു. പവിത്രന്‍ ഇന്ത്യന്‍ നേവിയുടെ കളിക്കാരനായിരുന്നു. സജീന്ദ്രന്‍ കൊല്‍ക്കത്തക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. പി.കെ.വിജയന്‍ സി.ആര്‍.പി. ടീമിലും. സുരേന്ദ്രന്‍, ദിനേഷ്, പി.കെ.ജയന്‍, പ്രസാദ് തുടങ്ങിയവര്‍ മയ്യഴിക്ക് പുറത്തുള്ള ഒട്ടേറെ പ്രശസ്ത ടീമുകള്‍ക്ക് വേണ്ടി ജഴ്‌സി അണിഞ്ഞവരാണ്. ഇപ്പോള്‍ പന്ത് പുതുതലമുറയുടെ കാലുകളില്‍ ഭദ്രമാണ്. ഏത് പ്രതിരോധ നിരകളെയും തകര്‍ത്ത്, ഗോള്‍ മുഖത്തേക്ക് കണിശതയോടെ, ശരവേഗത്തില്‍ പന്ത് പായിക്കാന്‍ കെല്‍പ്പുള്ള പുതുതലമുറ താരങ്ങള്‍, സംസ്ഥാന – ദേശീയ തലത്തില്‍, മയ്യഴിയുടെ ഫുട്ബാള്‍ പെരുമയുടെ നേരവകാശികളായി തലയെടുപ്പോടെ നില്‍ക്കുകയാണ്. കഴുത്തില്‍ മെഡലുകളും, കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച ട്രോഫികളുമായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *