മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ മിയാവാക്കി സൂക്ഷ്മ വനത്തിനരികെ പ്രകൃതി ശില്‍പമൊരുങ്ങുന്നു

മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ മിയാവാക്കി സൂക്ഷ്മ വനത്തിനരികെ പ്രകൃതി ശില്‍പമൊരുങ്ങുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ലക്ചറര്‍ തിയേറ്റര്‍ സമുച്ചയത്തിനരികെ സ്ഥാപിച്ച മിയാവാക്കി സൂക്ഷ്മ വനത്തിന് സമീപം പ്രകൃതി ശില്‍പത്തിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ.വി ഗോപി പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.ടി ശോഭീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശില്‍പി ഗുരുകുലം ബാബു, കെ.ജി.എം.സി.ടി.എ പ്രസിഡന്റ് ഡോ.അജിത് കുമാര്‍.ടി, ഫാര്‍മക്കോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഗോപകുമാര്‍ തേഞ്ചേരി ഇല്ലം, മെഡിക്കല്‍ കോളേജ് കാമ്പസ് ബ്യൂട്ടിഫിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജയേഷ് കുമാര്‍.പി, നഴ്‌സിംഗ് ഓഫീസര്‍ വി.പി സുമതി, എം.സരസ്വതി, സീറോ വേസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ സത്യന്‍ മായനാട്, മിയാവാക്കി വനനിര്‍മാണ വിദഗ്ധന്‍ പി.ബാബുദാസ് , ദര്‍ശനം ജോയിന്റ് സെക്രട്ടറി കെ.കെ സുകുമാരന്‍ , പെരളാന്‍കാവ് ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി പി.ടി സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ദര്‍ശനം ഗ്രന്ഥശാല സെക്രട്ടറി എം.എ ജോണ്‍സണ്‍ സ്വാഗതം പറഞ്ഞു. 2020 ഡിസംബര്‍ 29ന് മേയര്‍ ഡോ.ബീനാ ഫിലിപ്പ് മാവിന്‍തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ച മിയാവാക്കി സൂക്ഷ്മ വനത്തിലെ പല വൃക്ഷങ്ങളും 20 അടി വരെ ഉയരം വച്ചിട്ടുണ്ട്. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മാനാഞ്ചിറ അന്‍സാരി പാര്‍ക്കില്‍ 40 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്ത് ഫലവൃക്ഷങ്ങളുടെ മിയാവാക്കി മാതൃക വനനിര്‍മാണത്തിന് ദര്‍ശനം സാംസ്‌കാരിക വേദിക്ക് കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ നിര്‍മാണമാരംഭിച്ച പ്രകൃതി ശില്‍പം രണ്ടു മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ശില്‍പി ഗുരുകുലം ബാബു പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *