സംസ്ഥാന വ്യാപകമായി 56 പി.എഫ്.ഐ കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

സംസ്ഥാന വ്യാപകമായി 56 പി.എഫ്.ഐ കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

ഫോണുകളും രേഖകളും പിടിച്ചെടുത്തു

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളില്‍ എന്‍.ഐ.ഐ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് സംസ്ഥാനവ്യാപകമായി 586 ഇടങ്ങളില്‍ സംഘം പരിശോധന നടത്തുന്നത്. പ്രധാനമായും മുന്‍ഭാരവാഹികളുടെ വീടുകളിലാണ് റെയ്ഡിനായി എന്‍.ഐ.എ സംഘമെത്തിയത്. എറണാകുളത്ത് മാത്രം 12 ഇടങ്ങളിലാണ് അന്വേഷണസംഘമെത്തി. മൂവാറ്റുപുഴ, ആലുവ, പെരുമ്പാവൂര്‍ മേഖലകളിലാണ് നേതാക്കളുടെ വീട്ടില്‍ പരിശോധന നടത്തിയത്. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെ വീട്ടുകളിലാണ് പ്രധാനമായും റെയ്ഡ്.

കോഴിക്കോട് ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തും കുറ്റിക്കാട്ടൂരിലുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി.എഫ്.ഐ പ്രവര്‍ത്തകന്‍ നൗഷാദിന്റെ വീട്ടില്‍ എന്‍.ഐ.എ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും പരിശോധന നടത്തി. ഇതിന് പുറമേ ആനക്കുഴിക്കര റഫീഖിന്റെ വീട്ടിലും നാദാപുരം വിലദപുരത്ത് നൗഷാദ് എന്നയാളുടെ വീട്ടിലും റെയ്ഡ് നടത്തി. തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍ പരിശോധന നടക്കുകയാണ്. തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. തോന്നയ്ക്കല്‍ നവാസിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. കൊല്ലത്ത് കരുനാഗപ്പള്ളി, ചക്കുള്ളി എന്നിവിടങ്ങളിലാണ് പരിശോധന. കോട്ടയം കാഞ്ഞിരപ്പള്ളിയിലും എന്‍.ഐ.എ റെയ്ഡ് നടക്കുകയാണ്. പി.എഫ്.ഐ നേതാവായിരുന്ന സുനീര്‍ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരള പോലിസിന്റെ സാന്നിധ്യത്തിലാണ് എന്‍.ഐ.എ പരിശോധന. ഈരാറ്റുപേട്ടയിലും പരിശോധന നടക്കുകയാണ്.

ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തില്‍ എത്തിയിട്ടുണ്ട്. പി.എഫ്.ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പരിശോധന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂര്‍ത്തിയാക്കി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ മടങ്ങി. മാസങ്ങള്‍ക്ക് മുന്‍പ് രാജ്യവ്യാപകമായി പി.എഫ്.ഐ നേതാക്കളുടെ വീടുകളില്‍ സമാനമായ രീതിയില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പി.എഫ്.ഐയെ നിരോധിക്കുന്നത്. എന്നാല്‍, പി.എഫ്.ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവര്‍ത്തകരും രഹസ്യാന്വേഷണ ഏജന്‍സികളുടേയും എന്‍.ഐ.എയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന. കഴിഞ്ഞ തവണയില്‍ നിന്നും വ്യത്യസ്തമായി കേരള പോലിസിന്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *