തലശ്ശേരി: മയ്യഴി വിദ്യാഭ്യാസ മേഖലയിലെ ജവഹര്‍ലാല്‍ നെഹഹ്റു ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ , പളളൂര്‍ വി.എന്‍ പുരുഷോത്തമന്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ , പന്തക്കല്‍ ഐ.കെ കുമാരന്‍ മാസ്റ്റര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി 15 അധ്യാപകരുടെ നേതൃത്വത്തില്‍ 130 കുട്ടികളാണ് പ്രാദേശിക സംസ്‌കാരവും, ചരിത്രവുമറിയാന്‍ പ്രശസ്ത ചിത്രകാരന്‍ കെ.കെ. സനില്‍ കുമാറിന്റെ ചുണ്ടങ്ങാപ്പൊയിലിലെ ‘പഞ്ചവര്‍ണ്ണം’ എന്ന നൂറ്റാണ്ടുകളുടെ ഓര്‍മകളുണര്‍ത്തുന്ന ഭവനത്തില്‍ ഒത്തുചേര്‍ന്നത്. കോടിയേരിയിലെ എം.വി ഗണേശന്‍ ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരിപ്പയറ്റ് , ചുണ്ടങ്ങാപ്പൊയിലിലെ പുത്തലത്ത് രോഹിണിയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ട് , കെ.കെ സനില്‍ കുമാറിന്റെ തത്സമയ ചിത്രരചന എന്നിവ കുട്ടികള്‍ക്ക് കാഴ്ചയുടെ പുതു വിഭവങ്ങളായി. അയല്‍ക്കാരും അധ്യാപികമാരും ചേര്‍ന്നൊരുക്കിയ തനി നാടന്‍ ഭക്ഷണത്തിന്റെ രുചിഭേദങ്ങളും ആസ്വദിച്ച കുട്ടികള്‍ക്ക് പൈതൃക സംരക്ഷണത്തിന്റെ ഇടമായി ‘പഞ്ചവര്‍ണ്ണ’ത്തിലെ ഏകദിന ക്യാമ്പ് അനുഭവപ്പെട്ടു. രാവിലെ ക്യാമ്പിന്റ ഉദ്ഘാടനം സാമൂഹ്യ പ്രവര്‍ത്തകന്‍ എ. പ്രേമരാജന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. നൂറുദ്ദീന്‍ കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ച് പ്രഭാഷണം നടത്തി. ഡോ.കെ. ചന്ദ്രന്‍ , സി.എ എല്‍സമ്മ , കെ.കെ. സ്‌നേഹപ്രഭ , പി. എം രസിത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.