കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ജനാഭിമുഖ കുര്‍ബാനയെ ചൊല്ലി വീണ്ടും സംഘര്‍ഷം. ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളില്‍ പരസ്പപരം ഏറ്റുമുട്ടി. ഇരുവിഭാഗവും 16 മണിക്കൂറായി പള്ളിയില്‍ തുടരുന്നതിനിടെയാണ് രാവിലെ പത്ത് മണിയോടെ സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പോലിസ് പള്ളിക്കുള്ളില്‍ നിന്നും പുറത്തേക്ക് മാറ്റി. പള്ളിയിലെ അള്‍ത്താരയിലെ ബലിപീഠം തള്ളിമാറ്റി. വിളക്കുകള്‍ പൊട്ടിവീണു. കൂടുതല്‍ പൊലീസുകാരെ പള്ളിയില്‍ വിന്യസിക്കുന്നുണ്ട്. അള്‍ത്താര അഭിമുഖ കുര്‍ബാനയെ പിന്തുണയ്ക്കുന്നവര്‍ കൂട്ടത്തോടെ ബസലിക്കയിലേക്ക് എത്തുകയാണ്.
ഇന്നലെ വൈകിട്ട് പള്ളിയുടെ അഡ്മിനിസ്‌ട്രേറ്ററായ ആന്റണി പൂതവേലില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിച്ചതോടെ തുടങ്ങിയ പ്രതിഷേധത്തിനാണ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്നത്. വൈദികര്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ ആന്റണി പൂതവേലില്‍ എത്തി അള്‍ത്താരയെ അഭിമുഖീകരിച്ച് ഏകീകൃത കുര്‍ബാന ചൊല്ലുകയായിരുന്നു.
ഇതോടെ പ്രതിഷേധവുമായി വിമത വിഭാഗം എത്തി. ജനാഭിമുഖ കുര്‍ബാനയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അള്‍ത്താരയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.