ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മരണം എട്ടായി

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മരണം എട്ടായി

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കുമളിക്ക് സമീപമാണ് അപകടം നടന്നത്. ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്‌നാട് ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു അപകടം.

ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55), ശിവകുമാര്‍ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാര്‍ (43) തുടങ്ങിയവരാണ് മരിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ കുമളിയില്‍ നിന്നും മൂന്നുകിലോമീറ്റര്‍ അകലെ വാഹനത്തിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഹെയര്‍പിന്‍ വളവുകയറി വന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഒരു കുട്ടി അടക്കം 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മരത്തില്‍ ഇടിച്ചപ്പോള്‍ ഏഴു വയസുകാരന്‍ പുറത്തേക്ക് തെറിച്ചുവീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടിയെ കുമളിയിലെ ആശുപത്രിയിലും ഒരാളെ കമ്പത്തെ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ തേനി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വെള്ളം കൊണ്ടുപോകുന്ന പൈപ്പിന് മുകളിലേക്കായിരുന്നു വാഹനം വീണത്. കുമളി പോലിസും നാട്ടുകാരുമാണ് സംഭവസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കമ്പത്തുനിന്ന് പോലിസും അഗ്നിരക്ഷാ സേനയും എത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *