തലശ്ശേരി: സമുദായത്തെ നവീകരിക്കാനുള്ള ഉപാധികളിലൊന്നാണ് ക്ഷേത്ര നിര്‍മിതി എന്ന കുമാരനാശാന്റെ ആശയത്തിലൂന്നിയാണ് ജഗന്നാഥ ക്ഷേത്രവും പിറവിയെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. ജഗന്നാഥ ക്ഷേത്രത്തില്‍ ഗോകുലം ഗോപാലന് നവീകരിച്ച് സമര്‍പ്പിച്ച ശ്രീനാരായണ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജഗന്നാഥ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം തൊട്ട് പ്രതിഷ്ഠയും നാമകരണവുമെല്ലാം നിര്‍വ്വഹിച്ചത് ഗുരു തന്നെയാണ്. ഗുരുവിനും ആശാനും അത്രമേല്‍ ആത്മ ബന്ധമുള്ള ക്ഷേത്രമാണിത്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നും, മതമേതായാലും മനുഷ്യന് നന്നായാല്‍ മതിയെന്നും നമ്മെ പഠിപ്പിച്ചത് ഗുരുവാണ്. മനുഷ്യന് നന്നാവണമെന്ന ചിന്തയാണ് എക്കാലവും ഗുരുവിനുണ്ടായിരുന്നത്.
വിഗ്രഹപ്രതിഷ്ഠയില്‍ നിന്നും, കണ്ണാടി പ്രതിഷ്ഠയിലേക്കും ദിപ പ്രതിഷ്ഠയിലേക്കുമെല്ലാം കടന്നു പോയ ഗുരു, ഓരോരുത്തരും അവരവരെ തന്നെ തിരിച്ചറിയണമെന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു. പരസ്പരം കലഹിച്ച്, പോരടിച്ച്, വേര്‍തിരിഞ്ഞ് നില്ക്കുകയല്ല, പരസ്പരം അറിയാന്‍ ശ്രമിക്കാനാണ് ഗുരു ഉദ്ബോധിപ്പിച്ചത്. ആലുവ അദ്വൈതാശ്രമത്തില്‍ നാം കണ്ടത് അതാണ്. സത്യത്തിന്റേയും ധര്‍മ്മത്തിന്റെയും ദയയുടേയും നന്മയുടേയും പ്രഭയാണ് മുരുക്കുംപുഴയില്‍ ഗുരു ചൊരിഞ്ഞത്.
ഒടുവില്‍ പ്രതിഷ്ഠാ സങ്കല്‍പ്പം തന്നെ ഗുരു മാറ്റി മറിക്കുകയായിരുന്നു. സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനാണ് ഗുരു എക്കാലവും ശ്രമിച്ചത്. ഗുരു തന്നെയാണ് മറ്റൊരു ഘട്ടത്തില്‍ ദേവാലയങ്ങളല്ല, ഇനി വിദ്യാലയങ്ങളാണ് വേണ്ടതെന്ന് സമൂഹത്തോട് പറഞ്ഞത്. ഇതാണ് മറ്റ് ഗുരുക്കന്മാരില് നിന്നും ശ്രീനാരായണ ഗുരുവിനെ വ്യത്യസ്തനാക്കിയതും. അത് കൊണ്ടാണ് ഗുരുവിന്റെ നാമധേയത്തില്‍ സര്‍ക്കാര്‍ ഒരു സര്‍വ്വകലാശാല തന്നെ സ്ഥാപിച്ചത്. നവോത്ഥാന പരമ്പര്യത്തെ വെല്ലുവിളിക്കാനും, സമൂഹത്തെ മലീമസമാക്കാനും ഇപ്പോള്‍ ചിലര്‍ ശ്രമിക്കുകയാണ്.ഇത് ചെറുക്കപ്പെടണം. ഹെറിറ്റേജ്, പില്‍ഗ്രിമേജ് ടൂറിസം പദ്ധതികള്‍ സര്‍ക്കാര്‍ നടത്തിവരികയാണ്. ജഗന്നാഥ ക്ഷേത്രവികസനത്തിനും മുന്തിയ പരിഗണന സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. ചരിത്രത്തിന്റേയും സംസ്ക്കാരത്തിന്റേയും പ്രതീകമായ ഈ ക്ഷേത്രത്തിന് കാലത്തിന്നനുസൃതമായ വിവാഹഓഡിറ്റോറിയം സമര്‍പ്പിച്ച ഗുരുഭക്തനായ ഗോകുലം ഗോപാലനെ പ്രത്യേകം അഭിനന്ദിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുദേവ നിയോഗമാണ് ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ ആധുനിക രീതിയിലുള്ള വിവാഹ ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ ഉള്പ്രേരകമായതെന്ന് ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന് പറഞ്ഞു. കുറഞ്ഞ ചിലവില്‍ പാവപ്പെട്ടവര്‍ക്ക് കല്യാണം നടത്താന്‍ സംവിധാനമുണ്ടാക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ഇതിന്റെ നടത്തിപ്പുകാര്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ അഡ്വ: എഎന്‍ ഷംസിര്‍ അധ്യക്ഷത വഹിച്ചു. ശേിവഗിരി മഠത്തിലെ ശ്രീമദ് ധര്‍മ്മചൈതന്യ സ്വാമികള്‍ മുഖ്യാതിഥിയായിര.നഗരസഭാ ചെയര്‍പേഴ്സണ്‍ ജമുനാ റാണി ടീച്ചര്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സജീവ് മാറോളി, ചന്ദ്രന് ,പി.കെ.കൃഷ്ണദാസ്, സി.കെ.രമേശന്, അഡ്വ.കെ.അജിത്കുമാര്‍, പൊയിലൂര്‍ രവീന്ദ്രന്, പ്രീത പ്രദീപ്, ടി.കെ.രാജന് മംഗലാപുരം, കെ.വിനയരാജ്, രാകേഷ് തന്ത്രി പരവൂര്‍ , സംസാരിച്ചു.അഡ്വ: കെ.സത്യന് സ്വാഗതവും, സി.ഗോപാലന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഫ്ളവേര്‍സ് ടോപ്പ് സിംഗേര്‍സ് അവതരിപ്പിച്ച സംഗീത സന്ധ്യ അരങ്ങേറി.