ഐ എൻ എൽ സംസ്ഥാന സമ്മേളനം 28 മുതൽ

ഐ എൻ എൽ സംസ്ഥാന സമ്മേളനം 28 മുതൽ

കോഴിക്കോട്: ഐ എൻ എൽ സംസ്ഥാന സമ്മേളനം ഈ മാസം 28 മുതൽ കോഴിക്കോട്ട് നടക്കും. ‘കാലം തേടും കരുത്തുമായി’ എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനം മൂന്ന് ദിവസം നീണ്ടുനിൽക്കും. ഏഴ് പ്രധാന സെഷനുകളിലായി 60ലേറെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ജന. സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ രണ്ട് ദിവസങ്ങളിൽ മുതലക്കുളം മൈതാനിയിൽ സജ്ജമാക്കുന്ന പി എം അബൂബക്കർ നഗറിലാണ് പരിപാടികൾ. രോഹിത് വെമുല സ്‌ക്വയറിൽ യുവത, രാഷ്ട്രീയം, പോരാട്ടം എന്ന വിഷയം ചർച്ച ചെയ്യുന്ന യുവജന-വിദ്യാർഥി സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സിനിമാ താരം ടൊവിനോ തോമസ് ലഹരി വിരുദ്ധ പ്രഖ്യാപനം നടത്തും. ഉച്ചക്ക് ശേഷം ലങ്കേഷ് സ്‌ക്വയറിൽ നടക്കുന്ന വനിതാ സിമ്പോസിയം വനിതാ കമ്മീഷൻ ചെയർപേഴ്സൻ പി സതീദേവി ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 10.30ന് എം എ ലത്വീഫ് സാഹിബ് നഗറിൽ(അസ്മാടവറിൽ) പാർട്ടി ദേശീയ കൗൺസിൽ യോഗം ചേരും. 65 പ്രതിനിധികൾ പങ്കെടുക്കും. തൊഴിലാളി സമ്മേളനത്തിൽ വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ ‘ആഗോളവത്കരണ കാലത്തെ തൊഴിലാളികൾ എന്ന വിഷയത്തിൽ ചർച്ച ചെയ്യും. ഉച്ചക്ക് ശേഷം നടക്കുന്ന ദേശീയ സെമിനാർ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു, ബിനോയ് വിശ്വം, എം കെ രാഘവൻ എം പി തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന പ്രവാസി കുടുംബ സംഗമം മന്ത്രി വി അബ്ദുർറഹ്മാൻ ഉദ്ഘാടനം ചെയ്യും. കെ പി രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തും. 30 ന് വൈകുന്നേരം അഞ്ചിന് കോഴിക്കോട് ബീച്ചിൽ നടക്കുന്ന സമാപന സമ്മേളനം ഐ എൻ എൽ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്യും. ഡി എം കെ സെക്രട്ടറി കനിമൊഴി എം പി മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ, സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ് കെ മാണി, ആരിഫ് എം പി, മന്ത്രി എ കെ ശശീന്ദ്രൻ, ജോൺ ബ്രിട്ടാസ് എം പി, കെ ബി ഗണേഷ് കുമാർ, ഡോ. കെ ടി ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ ബി ഹംസ ഹാജി, സെക്രട്ടറി എം എ ലത്തീഫ് എന്നിവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *