അക്ഷരോപഹാരം ആദ്യ പുസ്തകം
എം ടി യിൽ നിന്ന് മന്ത്രി കെ.രാജൻ ഏറ്റുവാങ്ങി
കോഴിക്കോട്:ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിശിഷ്ടാതിഥികളെ അക്ഷരോപഹാരം നൽകി സ്വീകരിക്കുന്നതിന്റെ ഭാഗമായി ആദ്യ പുസ്തകം എം ടി വാസുദേവൻ നായരിൽ നിന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഏറ്റുവാങ്ങി. എം ടി ഒപ്പിട്ട പുസ്തകം അതിഥികൾക്ക് കൊടുക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് രണ്ടാംമൂഴം പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി പറഞ്ഞു. രണ്ടാംമൂഴമടക്കം ആറ് പുസ്തകങ്ങൾ അക്ഷരോപഹാരമായി എം ടി നൽകി. പ്രിയ എഴുത്തുകാരന് പുതുവത്സാരാശംസകൾ നേർന്നാണ് മന്ത്രി മടങ്ങിയത്.
61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന – സമാപന സമ്മേളന ചടങ്ങുകളിൽ പങ്കെടുക്കുന്ന വിശിഷ്ട അതിഥികൾക്ക് കോഴിക്കോട്ടെ 61 സാഹിത്യകാരൻമാർ കയ്യൊപ്പിട്ട് നൽകുന്ന പുസ്തകങ്ങൾ ഉപഹാരമായി നൽകും. എഴുത്തുകാരുടെ വീടുകളിൽ എത്തി ജനപ്രതിനിധികളും കലോത്സവ കമ്മിറ്റി ഭാരവാഹികളും പുസ്തകങ്ങൾ ഏറ്റുവാങ്ങും.
എം.ടി വാസുദേവൻ നായരുടെ വസതിയിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി.ഗവാസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മനോജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ,റിസപ്ഷൻ കമ്മിറ്റി കൺവീനർ ഭാരതി,തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവം പ്രൊമോ വീഡിയോ പുറത്തിറക്കി
കോഴിക്കോട്: കേരള സ്കൂൾ കലോത്സവത്തിന്റെ പ്രൊമോ വീഡിയോ ലോഞ്ചിംഗ് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്കൂൾ കലോത്സവ കമ്മിറ്റി ചെയർമാൻ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ കലോത്സവ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ.സച്ചിൻ ദേവ് എംഎൽഎ, ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ ദീപ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ പി.എ മുഹമ്മദലി,ജോയിന്റ് കൺവീനർമാരായ പി കെ എ ഹിബത്തുള്ള, എൻ.പി അസീസ്, ജനപ്രതിനിധികൾ, വിവിധ കമ്മിറ്റി അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.
കലോത്സവം ഉഷാറാക്കാൻ മാധ്യമ പ്രവർത്തകർക്ക് വിപുലമായ സൗകര്യമൊരുങ്ങുന്നു
കോഴിക്കോട്:അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉഷാറാക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മാധ്യമ പ്രവർത്തകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു. 1500 ലധികം മാധ്യമപ്രവർത്തകരെയാണ് കലോത്സവത്തിന് പ്രതീക്ഷിക്കുന്നത്. ഇവർക്കായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതിയും മീഡിയ കമ്മിറ്റിയും ഒരുക്കുന്നത്.
പ്രധാന വേദിയായ വിക്രം മൈതാനിയിൽ മാധ്യമങ്ങൾക്കായി സ്റ്റാളും നൂറിലേറെ പേർക്കിരിക്കാവുന്ന മീഡിയ സെന്ററും ഉണ്ടാകും. പാർക്കിങ്ങിനും സംവിധാനം ഒരുക്കും.
കലോത്സവവുമായി ബന്ധപ്പെട്ട് മാധ്യമ സ്ഥാപനങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗം കലോത്സവ കമ്മിറ്റി ചെയർമാൻ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ ഉത്സവമാക്കി കുറ്റമറ്റ രീതിയിൽ കലോത്സവം നടത്താൻ മുഴുവൻ മാധ്യമപ്രവർത്തകരും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
മീഡിയ കമ്മിറ്റിയുടെ വിവിധ ആവശ്യങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. കലോത്സവത്തെ ജനകീയമാക്കും. എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കലോത്സവമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മീഡിയ കമ്മിറ്റി ചെയർമാൻ എം ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. മീഡിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് കമ്മിറ്റി കൺവീനർ റിയാസ് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ പി.ഗവാസ്, ഡിഡിസി എം.എസ് മാധവികുട്ടി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മനോജ്, ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ ദീപ, മീഡിയ കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.