നാദാപുരം: ഗ്രാമപഞ്ചായത്തില്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ദേശീയ പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ അംഗീകാരമുള്ളതും പ്രകൃതിസൗഹൃദവും ചോളം, ഉരുളക്കിഴങ്ങ് എന്നിവയില്‍ നിന്നുള്ള സ്റ്റാര്‍ച്ച് ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്നതും 180 ദിവസത്തിനകം മണ്ണില്‍ ലയിക്കുന്നതുമായ പ്ലാസ്റ്റിക്ക് ബദല്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു. നഴ്സറി ബാഗ്, മാലിന്യം സൂക്ഷിക്കുന്ന ബാഗ്, ക്യാരി ബാഗ് , ഗ്ലൗസ് , തൊപ്പി , മത്സ്യം പൊതിയാനുള്ള ബാഗ് എന്നീ ഉല്‍പ്പന്നങ്ങളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാന്‍ കഴിയുന്ന എല്ലാ തരം ബാഗുകളും ബസ്സ്റ്റാന്റിനു സമീപം നടന്ന ബദല്‍ ഉല്പന്നമേളയില് പ്രദര്‍ശിപ്പിച്ചു. കൂടാതെ ഓരോ ഉല്‍പ്പന്നത്തിനും ക്യു ആര് കോഡ് സ്കാന്‍ ചെയ്ത് ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും അംഗീകാരവും മനസ്സിലാക്കാന്‍ കഴിയുന്ന രീതിയിലാണ് ഉല്‍പ്പന്നത്തിന്റെ നിര്‍മാണം. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുനര്‍ജനി എക്കോ പ്ലാസ്റ്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ബദല്‍ ഉല്‍പ്പന്നമേള സംഘടിപ്പിച്ചത്. മേള പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.കെ നാസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, മെമ്പര്‍ അബ്ബാസ് കണയ്ക്കല്‍, കൃഷി ഓഫീസര്‍ പി.പി സജീറ , വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ഏരത്ത് ഇഖ്ബാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സതീഷ് ബാബു, എന്നിവര്‍ സംസാരിച്ചു. കച്ചവടക്കാരായ ടി.വി കൃഷ്ണന്, സമീര്‍ കല്ലാച്ചി എന്നിവര്‍ ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി. പുനര്‍ജനി എക്കോ പ്ലാസ്റ്റ് എ.ജി.എം എസ്. ധനശേഖരന് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തി.