കോഴിക്കോട്: സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി വളര്‍ച്ചയുടെ കൂടിഭാഗമാണെന്നും സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിച്ചാല്‍ ഇത് മറികടക്കാനാകുമെന്ന് പ്രമുഖ ധാനകാര്യ വിദഗ്ധനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് ജനറല്‍ മാനേജറുമായ ആദികേശവന് പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്കരണം നടപ്പിലാക്കിയും കേരളത്തെ വെല്‍ഫെയര്‍ സ്റ്റേറ്റാക്കി വളര്‍ത്തിയതിലും ഇടതുപക്ഷത്തിന് വലിയ പങ്കുണ്ടെങ്കിലും വര്‍ഗസമരം എന്ന കാഴ്ചപാടാണ് വ്യവസായരംഗത്ത് കേരളം വളരാതിരുന്നതിന് പ്രധാന കാരണം. 1947 മുതല്‍ 1990 വരെ നിലനിന്ന സാമ്പത്തിക സാഹചര്യം ഗ്ലോബലൈസേഷന്റെ ഭാഗമായി മാറിയപ്പോള്‍ ആ നേട്ടം കേരളത്തിന് കൈവരിക്കാനായില്ല.
ഗുജറാത്ത്, ആന്ധ്ര, മഹാരാഷ്ട്ര, യു.പി, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് വലിയ വളര്‍ച്ചയുണ്ടാക്കി. 5-10 ജീവനക്കാരെവച്ച് ജോലിയെടുപ്പിക്കുന്നവനെ മുതലാളിമാരായി ചിത്രീകരിക്കുകയും അത് അന്തരീക്ഷം മോശമാക്കുന്ന അവസ്ഥയുണ്ടായി. 4700ഓളം പേര്‍ക്ക് ജോലി ലഭിച്ചിരുന്ന മാവൂര്‍ ഗ്രാസിം ഫാക്ടറി പൂട്ടിപോയതിന്റെ നഷ്ടം നാം കണ്ടതാണ്. വെല്‍ത്ത് ക്രിയേഷന് എതിരാണെന്ന ചിന്ത കേരളത്തിലുണ്ടായി. ട്രഡീഷണല്‍ ലെഫ്റ്റ് ഐഡിയോളജി മാറിയാല്‍ മാറ്റങ്ങളുണ്ടാകും. ഈ ദിശയില്‍ നല്ല സമീപനങ്ങള്‍ വളര്‍ന്നുവരുന്നത് ശുഭോദര്‍ക്കമാണ്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്താന്‍ സാധിക്കണം. നിയമനങ്ങളില്‍ രാഷ്ട്രീയം വന്നാല്‍ സ്ഥാപനങ്ങള്‍ ഫലപ്രദമായി മുന്നേറില്ല.
കഴിവും പ്രാപ്തിയും യോഗ്യതയും സമര്‍പ്പണ മനോഭാവമുള്ളവര്‍ അധികാര സ്ഥാനങ്ങളിലിരുന്നാല്‍ തീര്‍ച്ചയായും കേരളത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. ആര് ഭരിക്കുന്നുവെന്നതിനപ്പുറം വികസനം നീതിയുക്തമായി നടപ്പാക്കണം. നമ്മുടെ നാട്ടിലെ വ്യവസായികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന്റെ കാരണം പരിശോധിക്കണം. മോദി സര്‍ക്കാര്‍ അയ്യായിരം കോടി രൂപയിലധികം ടേണോവറുള്ള കമ്പനികളെ ഐ.ബി.സിക്ക് കീഴിലാക്കി. ഇത് വലിയ പുരോഗമന നടപടിയായിരുന്നു. ഇടതുപക്ഷ നയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയമാണ് മോദി നടപ്പിലാക്കിയത്. തൊഴിലുറപ്പ് പദ്ധതി, കാര്‍ഷിക ഉല്‍പ്പാദനവുമായി ബന്ധപ്പെടുത്തണമെന്ന് ആദി കേശവന് നിര്‍ദേശിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രൊഫ. കെ.പി സോമരാജന് അധ്യക്ഷത വഹിച്ചു. ആര്.രാജഗോപാലന്‍, ഡോ.മിഥുന് വി.പി എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.