കൊച്ചി: ഹോസ്റ്റലുകളിലെ സമയനിയന്ത്രണം ഒഴിവാക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിവച്ച് ഹൈക്കോടതി. നമ്മുടെ പൊതുയിടങ്ങളില്‍ രാപകല്‍ ഭേദമന്യേ ഇറങ്ങിനടക്കുന്നത് പുരുഷന്മാര്‍ ആണെങ്കില്‍ പോലും സുരക്ഷിതരല്ല. അത്തരം ഒരു സാഹചര്യത്തിലേക്ക് എത്തണമെങ്കില്‍ നാം ഇനിയും കാത്തരിക്കണം. 18 കഴിഞ്ഞാലും മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആശങ്ക അവഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഗവ. മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ രാത്രി 9.30നു ശേഷം പ്രവേശനം ആകാമെന്നും എന്നാല്‍ പുറത്തിറങ്ങാന്‍ അനുമതി വേണമെന്നുമുള്ള സര്‍ക്കാര്‍ നിലപാട് ശരിവെച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഹോസ്റ്റലുകളുടെ വാതില്‍ എല്ലാ നേരത്തും തുറന്നിടണമെന്നു പറയുന്നില്ലെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രാത്രി 9.30 വരെ പ്രവേശനം അനുവദിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനു ശേഷം പുറത്തു പോകാന്‍ അടിയന്തര ഘട്ടങ്ങളില്‍ വാര്‍ഡന്‍ അനുമതി നല്‍കണമെന്നും കുടുംബപരമോ വ്യക്തിപരമോ ആയ ആവശ്യങ്ങള്‍ക്കു രക്ഷിതാവിന്റെ അനുമതി ഹാജരാക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം ഉള്‍പ്പെടുത്തി ഉത്തരവു പുതുക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാം വര്‍ഷം മുതലാണ് ഇളവ് ബാധകം. രാത്രി 9.30നു ശേഷം ഹോസ്റ്റലില്‍നിന്നു പുറത്തിറങ്ങുന്നതു വിലക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശത്തിനെതിരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഹരജി ജനുവരി 31നു വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.