തലശ്ശേരി: ധര്‍മ്മടം സമ്പൂര്‍ണ്ണ ലൈബ്രറി മണ്ഡലമായി മാറി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നിയമസഭാ മണ്ഡലം ഇത്തരത്തില്‍ എല്ലാ വാര്‍ഡുകളിലും ലൈബ്രറികളുള്ള നിയമസഭാ മണ്ഡലമായി മാറിയത്. അപൂര്‍വ്വ ബഹുമതി നേട്ടത്തിന്റെ പ്രഖ്യാപനം 25 ന് രാവിലെ 11മണിക്ക് പിണറായി ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 138 വാര്‍ഡുകളുള്ള ധര്‍മ്മടം മണ്ഡലത്തില്‍ 63 വാര്‍ഡുകളില്‍ ലൈബ്രറികള്‍ ഉണ്ടായിരുന്നില്ല. പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡവലപ്‌മെന്റ് എന്ന ജനകിയ കൂട്ടായ്മയുടെ മാസങ്ങള്‍ നീണ്ട പ്രയത്‌നങ്ങളിലൂടെയാണ് 63 വാര്‍ഡുകളിലും ലൈബ്രറികള്‍ സ്ഥാപിക്കാനായതെന്ന് ജില്ലാ ലൈബ്രറി കൌണ്‍സില്‍ ഭാരവാഹികളായ പി.കെ.വിജയനും മുകുന്ദന്‍ മഠത്തിലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ മുഖ്യ രക്ഷാകര്‍ത്വത്തിലായിരുന്നു മിഷന്‍ രൂപീകരിച്ചത്. കേരളത്തിലെ മറ്റെല്ലാ പ്രദേശങ്ങള്‍ക്കും മാതൃകയാക്കാവുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളാണ് ധര്‍മ്മടത്ത് നടന്നതെന്ന് മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലനും വിശദികരിച്ചു. 2025 ഓടെ കണ്ണൂര്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ലൈബ്രറികള്‍ സ്ഥാപിക്കാനാണ് ലൈബ്രറി കൌണ്‍സില്‍ ലക്ഷ്യമിടുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.