ഉമേഷ് യാദവിനും ആര്.ആശ്വിന് നാല് വിക്കറ്റ്. ഉനദ്ഘട്ടിന് രണ്ട് വിക്കറ്റ്
ധാക്ക: ഇന്ത്യാ- ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച. 227 റണ്‍സിന് ഓള്‍ഔട്ടായി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. 85 റണ്‍സെടുത്ത മൊമിനുള്‍ ഹഖ് ഒഴികെ ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല. കഴിഞ്ഞ മത്സരത്തിലെ ഹീറോയായിരുന്ന കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയ ഇന്ത്യ 12 വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ജയദേവ് ഉനദ്ഘട്ടിന് അവസരം നല്കി. ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കൊത്തുയരാനും ഉനദ്ഘട്ടിനായി. സാക്കിര്‍ ഹസനെ(15) ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ഉനദ്ഘട്ടാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
പിന്നീട് അതേ സ്കോറില്‍ മറ്റൊരു ഓപ്പണറായ ഷാന്റോയെ(24) അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ബംഗ്ലാദേശിന് ലഞ്ചിന് തൊട്ടു പിന്നാലെ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്റെ വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത ഷാക്കിബിനെ ഉമേഷ് യാദവിന്റെ പന്തില്‍ പൂജാര പിടികൂടി. സ്കോര്‍ 130ല്‍ നില്‍ക്കെ മുഷ്ഫീഖുറിനെ(26) വിക്കറ്റിന് പുറകില്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച ഉനദ്ഘട്ട് ബംഗ്ലാദേശിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. പിന്നീടെത്തിയ ലിറ്റണ്‍ ദാസ് ആക്രമിച്ചു കളിച്ച് 26 പന്തില്‍ 25 റണ്‍സടിച്ചെങ്കിലും ക്രീസില്‍ അധിക ആയുസുണ്ടായില്ല. നേരത്തെ ആദ്യ സെഷനില്‍ പേസിനെ തുണച്ച പിച്ചില്‍ മൂന്ന് പേസര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവും ആര്. അശ്വിനും നാല് വീതം വിക്കറ്റ് നേടിയപ്പോള്‍ ഉനദ്ഘട്ട് രണ്ട് വീക്കറ്റുകള്‍ വീഴ്ത്തി. ആദ്യദിനം അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ വിക്കറ്റ് നഷ്ടം കൂടാതെ 19 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 14 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും മൂന്ന് റണ്‍സുമായി കെ.എല്‍ രാഹുലുമാമ് ക്രീസില്‍.