ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയാത്ര നിര്‍ത്തേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ഇല്ലെങ്കില്‍ നിര്‍ത്തേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍. രാഹുല്‍ ഗാന്ധിക്കും അശോക് ഗ്ഹലോട്ടിനും അയച്ച കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് വ്യക്തമാക്കിയത്.
നിലവില്‍ രാജസ്ഥാനിലൂടെ കടന്ന് പോകുന്ന യാത്രയില്‍ മാസ്കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ഈ കത്തിലൂടെ കേന്ദ്രം ആവശ്യപ്പെടുന്നു. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ലങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കത്തിനെക്കുറിച്ച് രാഹുല്‍ ഗാന്ധിയും അശോക് ഗെഹലോട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരിടവേളക്ക് ശേഷം ലോകം വീണ്ടും കൊവിഡ് ഭീഷണിയുടെ നിഴലിലായിരിക്കുകയാണ്. ചൈനയില്‍ കൊവിഡ് അതീവരൂക്ഷമാണ്. അമേരിക്കയുള്‍പ്പെടെയുള്ള ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡിന്റെ നാലാം തരംഗം രൂക്ഷമാവുകയാണ്. ജപ്പാന്, ദക്ഷിണകൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലും അമേരിക്ക, ബ്രസീല്‍ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും വീണ്ടും കൊവിഡിന്റെ പിടിയില്‍ അമരുകയാണ്.