ബഫര്‍സോണ്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: രാഷ്ട്രീയ ജനതാദള്‍

ബഫര്‍സോണ്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: രാഷ്ട്രീയ ജനതാദള്‍

എറണാകുളം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന റിമോട്ട് സെന്‍സിങ്ങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന മലയോര കര്‍ഷകര്‍ക്ക് ഉണ്ടായ ആശങ്കകള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വന്യജീവി സങ്കേതങ്ങള്‍ക്ക് വെളിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കരുതല്‍ മേഖല വേണമെന്ന സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തിലെ സാധാരണക്കാരായ കൃഷിക്കാരുടെ രേഖകളോടു കൂടിയ കൃഷിഭൂമി അടക്കം പിടിച്ചെടുത്തു സംരക്ഷിത ഭൂമി വര്‍ധിപ്പിക്കാന്‍ വനംവകുപ്പും സര്‍ക്കാറും നടത്തുന്ന ശ്രമം ഉപേക്ഷിക്കണമെന്ന് അവര്‍ പറഞ്ഞു.
കാലകാലങ്ങളായി കുടിയേറ്റ കര്‍ഷകര്‍ക്കും ഭൂരഹിതര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമി വനവിസ്തൃതിയില്‍ നിന്നും കുറവ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഈ ഭൂമി കൂടി വനമേഖലകള്‍ക്ക് ചുറ്റുമുള്ള കരുതല്‍ മേഖലയാക്കി നിര്‍ണയിക്കാനാണ് വനംവകുപ്പും സര്‍ക്കാറും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് മലയോര മേഖലകളില്‍ അടക്കം താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളോടുള്ള സര്‍ക്കാറിന്റെ വെല്ലുവിളിയാണെന്നും വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് രാഷ്ട്രീയ ജനതാദള്‍ നേതൃത്വം നല്‍കുമെന്നും അനു ചാക്കോ പ്രസ്താവിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *