ബുദ്ധിവികാസം പൂര്‍ണമാകുന്നത് 25ല്‍; 18ല്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നത് സമൂഹത്തിന് നല്ലതല്ല: വിചിത്രവാദവുമായി ആരോഗ്യ സര്‍വകലാശാല

ബുദ്ധിവികാസം പൂര്‍ണമാകുന്നത് 25ല്‍; 18ല്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നത് സമൂഹത്തിന് നല്ലതല്ല: വിചിത്രവാദവുമായി ആരോഗ്യ സര്‍വകലാശാല

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തില്‍ വിചിത്രവാദവുമായി ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. 18 വയസിലെ സമ്പൂര്‍ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസില്‍ മാത്രമാണ് ബുദ്ധിവികാസം പൂര്‍ണമാകുകയുള്ളൂവെന്നും അതിനാല്‍ നിയന്ത്രണത്തില്‍ യാതൊരു തെറ്റുമില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോഗ്യ സര്‍വകലാശാലയുടെ കര്‍ശന നിലപാട്.

മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ല, ഹോസ്റ്റല്‍ വിദ്യാഭ്യാസ ആവശ്യത്തിനും രാത്രി താമസത്തിനുമുള്ളതാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹോസ്റ്റല്‍ നടത്തിപ്പ് ചുമതലയുള്ളവര്‍ക്ക് ബാധ്യതയുണ്ട്. അതിനാല്‍ നൈറ്റ് ലൈഫ് അനുവദിക്കാനാകില്ലെന്നും ആരോഗ്യ സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ക്യാംപസിലൂടെ പൊതുവഴി കടന്നുപോകുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ചുറ്റുമതില്‍ ഇല്ല. അതിനാല്‍ നിയന്ത്രണം വേണ്ടിവരും. ഹോസ്റ്റല്‍ നിയന്ത്രണം കാരണം വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിച്ചതായി പരാതിയൊന്നുമില്ല. രാത്രി 9 മണിക്ക് ലൈബ്രറികള്‍ അടക്കുന്നതിനാല്‍ 9.30ന് ഹോസ്റ്റലില്‍ കയറണം എന്ന് പറയുന്നതില്‍ തെറ്റില്ല. നിയന്ത്രണങ്ങളില്‍ ലിംഗ വിവേചനമോ, മൗലികാവകാശങ്ങളുടെ ലംഘനമോ ഇല്ലെന്നും ആരോഗ്യ സര്‍വകലാശാല സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കൗമാരക്കാരുടെ മസ്തിഷ്‌കം ഘടനാപരമായി ദുര്‍ബലമാണ്. പലവിധ സമ്മര്‍ദ്ദങ്ങളില്‍ വീണ് പോയേക്കാം. വിവിധ ശാസ്ത്രീയ പഠനങ്ങളില്‍ 25 വയസില്‍ മാത്രമാണ് ബുദ്ധിവികാസം പൂര്‍ണമാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 18 വയസില്‍ പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് അനുവദിക്കാനാകില്ലെന്നും അത് സമൂഹത്തിനും നല്ലതല്ലെന്നും ആരോഗ്യ സര്‍വകലാശാലയുടെ സത്യവാങ്മൂലത്തിലുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള നിയന്ത്രണം അംഗീകരിച്ച് ഹരജി തള്ളണമെന്നും ആരോഗ്യ സര്‍വകലാശാല കോടതിയില്‍ ആവശ്യപ്പെട്ടു.

രാത്രി 11നു ശേഷവും റീഡിങ് റൂമുകള്‍ തുറന്നുവയ്ക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തിനാണ് സര്‍വകലാശാലയുടെ മറുപടി. വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത് പഠിക്കാനാണെന്നും കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്നും സര്‍വകലാശാല പറഞ്ഞു.

അതേസമയം, ഹോസ്റ്റലുകളിലെ സമയനിയന്ത്രണത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പുതിയ ഉത്തരവിന്റെ സാഹചര്യത്തില്‍ ക്യാംപസുകളിലെ റീഡിങ് റൂമുകള്‍ രാത്രിയും പ്രവര്‍ത്തിക്കാമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാത്രി റീഡിങ് റൂമുകള്‍ തുറക്കുന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പരീക്ഷ സമയങ്ങളില്‍ രാത്രി 11 മണിക്ക് ശേഷവും ഹോസ്റ്റലിലെ റീഡിങ് റൂമുകള്‍ തുറന്നുവെക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തിനാണ് മറുപടി.
9.30 ന് ശേഷം കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങാമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ മറ്റന്നാള്‍ നിലപാടറിയിക്കണം. മറ്റന്നാള്‍ ഹരജി വീണ്ടും പരിഗണിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *