അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സും എസ്.ബി.ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ ലോണ്‍ മേളയ്ക്ക് തുടക്കമായി. പ്രവാസി ലോണ്‍ മേളയുടെ ഉദ്ഘാടനം എസ്.ബി.ഐ മലപ്പുറം റീജ്യണല്‍ ഓഫിസില്‍ മലപ്പുറം എം.എല്‍.എ പി. ഉബൈദുള്ള നിര്‍വഹിച്ചു. പ്രവാസികളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ് കേരളത്തിന്റെ പല പുരോഗതിക്കും കാരണമെന്നും പ്രവാസികള്‍ തിരിച്ചുവരുന്ന നിലവിലെ സാഹചര്യത്തില്‍ നോര്‍ക്കയുടെ പുനരധിവാസ പ്രവാസി പദ്ധതികള്‍ അവര്‍ക്ക് പ്രയോജനപ്പെടുമെന്നും പി. ഉബൈദുള്ള പറഞ്ഞു. സംരംഭക വായ്പകള്‍ക്ക് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട് എന്നാണ് പൊതുധാരണ. ഇതിനു മാറ്റം വരുത്തുന്നതാണ് എസ്.ബി.ഐയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭകവര്‍ഷത്തിന്റെ ഭാഗമായി 25,000 ത്തോളം പ്രവാസി സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഏതു തരം ബിസിനസ്സാണ് ആരംഭിക്കാന്‍ കഴിയുക അതെങ്ങനെ വിജയിപ്പിക്കാന്‍ കഴിയും എന്ന് യാഥാര്‍ത്ഥ്യബോധത്തോടെ മനസിലാക്കിയാല്‍ മാത്രമേ സംരംഭങ്ങളെ വിജയത്തിലെത്തിക്കാന്‍ കഴിയൂ. സംരംഭകത്വത്തിലൂടെ മാത്രമേ തിരിച്ചെത്തിയ മലയാളികളായ പ്രവാസികള്‍ക്ക് മുന്നേറാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ സക്കീര്‍ ഹുസൈന്‍, നോര്‍ക്ക റൂട്ട്സ് കേഴിക്കോട് സെന്റര്‍ മാനേജര്‍ അബ്ദുള്‍ നാസര്‍ വാക്കയില്‍, എസ്.ബി.ഐ ഏരിയ ജനറല്‍ മാനേജര്‍ അജയകുമാര്‍, ചീഫ് മാനേജര്‍ അന്നമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. മലപ്പുറം റീജ്യണല്‍ മാനേജര്‍ എസ്. മിനിമോള്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലും ലോണ്‍ മേളകള്‍ തുടങ്ങി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പാ മേള. മേള 21ന് സമാപിക്കും.