തിരുവനന്തപുരം ജില്ലാ ക്ഷീരസംഗമം ഡിസംബര്‍ 20, 21 തിയ്യതികളിലായി കന്യാകുളങ്ങര ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. ക്ഷീര വികസന വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുവനന്തപുരം ജില്ലാ ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്. 370 കര്‍ഷക സംഘങ്ങളും രണ്ടായിരത്തിലേറെ കര്‍ഷകരും സംഗമത്തില്‍ പങ്കെടുക്കും. ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനവും ക്ഷീര കര്‍ഷകരെ ആദരിക്കലും 21 ബുധനാഴ്ച 12 മണിക്ക് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര് അനില്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു, ശശി തരൂര്‍ എം.പി, അടൂര്‍ പ്രകാശ് എം.പി, അഡ്വ. ജി. സ്റ്റീഫന്‍ എം.എല്‍.എ, അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എ.കൗശിഗന് ഐ.എ.എസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ 20 ചൊവ്വാഴ്ച ഉച്ചയ്ക്ക് ക്ഷീര കര്‍ഷകര്‍ക്കുള്ള പുരസ്ക്കാരദാനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിക്കും. പരിപാടിയില്‍ മൃഗസംരക്ഷണ മേഖലയോടാനുബന്ധിച്ചുള്ള വിവിധ സെമിനാറുകളും പ്രദര്‍ശനങ്ങളും നടക്കും. കൊഞ്ചിറ ക്ഷീരോല്പാദക സഹകരണ സംഘമാണ് പരിപാടിയുടെ ആതിഥേയര്‍.