ശാസത്രീയമായ സീവേജ് മാലിന്യ സംസ്‌കരണം അനിവാര്യം: മുഖ്യമന്ത്രി

ശാസത്രീയമായ സീവേജ് മാലിന്യ സംസ്‌കരണം അനിവാര്യം: മുഖ്യമന്ത്രി

തലശ്ശേരി: ശുദ്ധജല സ്രോതസുകളില്‍ മനുഷ്യവിസര്‍ജ്യാംശം കലരുന്നുവെന്നതാണ് സമീപഭാവിയില്‍ കേരളം നേരിടാന്‍ പോകുന്ന മുഖ്യപ്രശ്‌നമെന്നും ഇപ്പോള്‍ തന്നെ അത് പരിഹരിക്കാനുള്ള പദ്ധതികളിലാണ് സംസ്ഥാന സര്‍ക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബി സഹായത്തോടെ പിണറായി എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൊണ്ട് ഉമ്മന്‍ചിറ പുഴയ്ക്ക് കുറുകെ ചേക്കുപാലത്ത് നിര്‍മിക്കുന്ന റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ആരോഗ്യദായകമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജലജീവന്‍ മിഷന് രൂപം നല്‍കിയത്. ജലത്തിന്റെ തനിമ വീണ്ടെടുക്ക എന്നതായിരുന്നു ഹരിത കേരള മിഷന്‍ ലക്ഷ്യമിട്ടത്. നിരവധി ജലസ്രോതസുകളാണ് ഇങ്ങനെ നാം വീണ്ടെടുത്തത്. ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളം. നമ്മുടെ പല സെപ്റ്റിക് ടാങ്കുകളും ശാസ്ത്രീയമായല്ല നിര്‍മിച്ചിട്ടുള്ളത്.

പലപ്പോഴും സെപ്റ്റിക് ടാങ്കിലെ ജലം കിനിഞ്ഞ് കിണര്‍ വെള്ളമുള്‍പ്പെടെ മലിനമാകുന്ന സ്ഥിതിയുണ്ട്. കുടിവെള്ള സ്രോതസുകളില്‍ വര്‍ധിച്ച് വരുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം അതാണ് വ്യക്തമാക്കുന്നത്. ഇത് ശാസ്ത്രീയമായി സംസ്‌കരിക്കണം. ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ മുഴുവനാളുകളും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ, വൈസ് പ്രസിഡന്റ് പി.ആര്‍ വസന്തകുമാര്‍, പിണറായി ഗ്രാമപഞ്ചായത്തംഗം പി. ജസിന, എരഞ്ഞോളി ഗ്രാമപഞ്ചായത്തംഗം സി.കെ ഷക്കീല്‍, കേരളാ ഇറിഗേഷന്‍ ഇന്റസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഐ.സി.ഇ.ഒ.എസ് തിലകന്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍ കെ.ഗോപകുമാര്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *