മലയോര ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

മലയോര ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

തലശ്ശേരി: കേരളത്തിലെ 13 ജില്ലകളിലെയും മലയോര മേഖലകളിലൂടെ കടന്നു പോവുന്ന 1200 കിലോമീറ്ററോളം വരുന്ന മലയോര ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇരിക്കൂര്‍ മണ്ഡലത്തിലെ നടുവില്‍, ആലക്കോട് ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന, തളിപ്പറമ്പ്-കൂര്‍ഗ് റോഡിലെ കരുവഞ്ചാല്‍ പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര ഹൈവേ കേരളത്തിന്റെ കാര്‍ഷിക, ടൂറിസം മേഖലകളില്‍ വലിയ കുതിപ്പിന് കാരണമാവും. രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണ് മലയാര മേഖലയിലൂടെ മാത്രം കടന്നുപോവുന്ന ഈ പാത. മലയോര ഹൈവേയുടെ 804 കിലോമീറ്റര്‍ വരുന്ന 54 സ്ട്രച്ചുകളുടെ പ്രവൃത്തികള്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് വഴിയാണ് നടത്തുന്നത്. ഇതിന്റെ മുഴുവന്‍ വിശദ പ്രൊജക്ട് റിപ്പോര്‍ട്ട് കിഫ്ബിയിലേക്ക് സമര്‍പ്പിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. കരുവഞ്ചാല്‍ പാലത്തിന്റെ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഇതിന്റെ പുരോഗതി മന്ത്രിയുടെ ഓഫിസില്‍ നിന്നുതന്നെ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

കരുവഞ്ചാല്‍ ടൗണില്‍ നടന്ന ചടങ്ങില്‍ അഡ്വ. സജീവ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രേമലത, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി വാഹിദ, നടുവില്‍ ഗ്രാമപഞ്ചായത്ത് അംഗം പി.കെ ബാലകൃഷ്ണന്‍, ആലക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ വിനു, സി.എം രജിത, ഫാ. ജോസഫ് ഈനച്ചേരി, ദേവസ്യ പാലപ്പുറം, സാജന്‍ കെ.ജോസഫ്, വി.എ റഹിം, സോമന്‍ വി.ജി, സജി കുറ്റിയാനിമറ്റം, മാത്യു ചാണക്കാട്ടില്‍, മുരളി.കെ.ഡി, രാജേഷ് മാത്യു പുതുപ്പറമ്പില്‍, കൃഷ്ണന്‍ കൂലേരി, ജയിംസ് പുത്തന്‍പുര, കെ.പി സാബു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എം ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.കെ മിനി സ്വാഗതവും പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജി.എസ് ജ്യോതി നന്ദിയും പറഞ്ഞു. കരുവഞ്ചാലില്‍ നിലവിലുള്ള പാലത്തിന് വീതി കുറവായതിനാലും നടപ്പാത ഇല്ലാത്തതിനാലും ഗതാഗത തടസം നേരിടുന്നതിനാലുമാണ് പുതിയ പാലം പണിയുന്നത്. 6.8 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുക. പാലത്തിന് 50.10 മീറ്റര്‍ നീളവും, 7.50 മീറ്റര്‍ ക്യാരേജ് വേയും, ഇരുവശത്തും 1.50 മീറ്റര്‍ നടപ്പാതയോട് കൂടി ആകെ 11 മീറ്റര്‍ വീതിയുമുണ്ടാവും. 24.85 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളാണുണ്ടാവുക. പാലത്തിന് തളിപ്പറമ്പ് ഭാഗത്ത് 60 മീറ്റര്‍ നീളത്തിലും ആലക്കോട് ഭാഗത്ത് 100 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡും പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *