കോഴിക്കോട്: ആവശ്യത്തിന് പൊതു അവധികളും, ശമ്പള വര്‍ധനയും നടപ്പിലാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എച്ച്.ഡി.എസ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷത്തില്‍ പരമാവധി നാല് പൊതു അവധികള്‍ മാത്രമാണ് നിലവില്‍ എച്ച്.ഡി.എസ് ജീവനക്കാര്‍ക്ക് അനുവദിക്കുന്നത്. അടിയന്തിരമായി ആവശ്യത്തിന് പൊതുഅവധികള്‍ അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാവണം. ഏറ്റെടുത്ത സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ ഏറ്റവും മാതൃകയായ സംഘടനയാണ് കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) എന്ന് അദ്ദേഹം പറഞ്ഞു.
കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ പ്രസിഡന്റ് കൂടിയായ ഡി.സി.സി ജന. സെക്രട്ടറി ദിനേശ് പെരുമണ്ണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭാവമുള്‍പ്പെടെ ജീവനക്കാരുടെ വിഷയങ്ങളില്‍ ഇടപെടാന്‍ സംഘടന തയ്യാറായിട്ടുണ്ടെന്നുള്ളത് അഭിമാനകരമാണെന്ന് ദിനേശ് പെരുമണ്ണ പറഞ്ഞു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര സര്‍ക്കാറും, സംസ്ഥാന സര്‍ക്കാരും തൊഴിലാളി വിരുദ്ധ സമീപനങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഐ.എന്‍.ടി.യു.സി ജില്ലാ ജന.സെക്രട്ടറി എം.ടി സേതുമാധവന്‍, മെഡിക്കല്‍ കോളേജ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വിശ്വന്‍ പുതുശ്ശേരി, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ ഭാരവാഹി കെ.പി അനീഷ് കുമാര്‍, ബ്രാഞ്ച് സെക്രട്ടറി യു.എസ് വിഷാല്‍, ജഗദീശന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജന. സെക്രട്ടറി വിബീഷ് കമ്മനക്കണ്ടി സമ്മേളനത്തിന് സ്വാഗതവും, വര്‍ക്കിങ് പ്രസിഡന്റ് കെ.സി പ്രവീണ്‍ കുമാര്‍ നന്ദിയും പറഞ്ഞു.