തലശ്ശേരി: പ്രണയപ്പകയില്‍ മൊകേരി വള്ളിയായിലെ കണ്ണച്ചാന്‍ കണ്ടി വിഷ്ണുപ്രിയ(22)യെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പോലിസ് തലശ്ശേരി എ.സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ സംഘത്തലവന്‍ പാനൂര്‍ സി.ഐ എം.പി ആസാദാണ് രണ്ട് മാസം തികയും മുമ്പ് കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. പ്രണയ നൈരാശ്യത്തിലുള്ള പകയാണ് കൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവം നടക്കുന്നതിന് തൊട്ടു മുന്‍പ് വിഷ്ണുപ്രിയയുമായി ഫോണില്‍ വാട്‌സ് ആപ് ചാറ്റിംഗ് ചെയ്ത പൊന്നാനിക്കാരനായ സുഹൃത്ത്, വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് പ്രതി ശ്യാംജിത്ത് പോകുന്നത് കണ്ട അയല്‍ക്കാരന്‍, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, തുടങ്ങി 25ലേറെ സാക്ഷികളുടെ മൊഴിയും പ്രതി കൊല നടത്താന്‍ ഉപയോഗിച്ച കത്തി, ആയുധം കൊണ്ടുവന്ന ബാഗ്, യാത്ര ചെയ്ത ഇരുചക്രവാഹനം, ഇയാളുടെ വസ്ത്രം, മൊബൈല്‍ ഫോണ്‍, ഉള്‍പ്പെടെ 22 തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
പ്രതിയായ മാനന്തേരിയിലെ താഴെക്കളത്തില്‍ എം.ശ്യാംജിത്ത് (25) ഇപ്പോള്‍ റിമാന്റിലാണുള്ളത്.ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി മൃദുല തള്ളിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 22നാണ് പ്രതി വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശരീരത്തില്‍ 18 മുറിവുകളുണ്ടായിരുന്നു. സംഭവം ദിവസം വീടിനടുത്ത് തറവാട്ട്‌വീട്ടില്‍ ബന്ധുവിന്റെ മരണാനന്തര കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ അമ്മയ്‌ക്കൊപ്പം പോയതായിരുന്നു വിഷ്ണുപ്രിയ. ഇവിടെ നിന്നും തനിച്ച് സ്വന്തം വീട്ടില്‍ തിരിച്ചെത്തി കിടപ്പുമുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് മുന്‍ സുഹൃത്തായ ശ്യാംജിത്ത് മുറിയിലേക്ക് വന്ന് കൊല നടത്തിയത്. അമ്മ ബിന്ദു തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ മകളെ കാണാനായത്. കട്ടിലില്‍ തല ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു. അന്ന് വൈകിട്ട് അഞ്ചരയോടെ മാനന്തേരിയില്‍ നിന്നാണ് ശ്യാംജിത്തിനെ പാനൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തത്.