എന്‍.ബി.എ അക്രെഡിറ്റേഷനില്‍ കോഴിക്കോട് എന്‍.ഐ.ടിക്ക് തിളക്കമാര്‍ന്ന നേട്ടം

എന്‍.ബി.എ അക്രെഡിറ്റേഷനില്‍ കോഴിക്കോട് എന്‍.ഐ.ടിക്ക് തിളക്കമാര്‍ന്ന നേട്ടം

കോഴിക്കോട്: നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്‍ കഴിഞ്ഞ മാസം നടത്തിയ അസസ്‌മെന്റില്‍ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. കോഴിക്കോട് എന്‍.ഐ.ടി നടത്തുന്ന സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ് എന്നീ അഞ്ചു പ്രധാന ബി.ടെക് പ്രോഗ്രാമുകള്‍ക്ക് ഏറ്റവും മികച്ച അക്രെഡിറ്റേഷന്‍ സ്റ്റാറ്റസ് ആയ ആറു വര്‍ഷത്തെ (20222028) അക്രെഡിറ്റേഷന്‍ ലഭിച്ചു.
2022 നവംബര്‍ 11 മുതല്‍ 13 വരെ രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ നിന്നുള്ള 11 മുതിര്‍ന്ന പ്രൊഫസര്‍മാരടങ്ങുന്ന ഒരു വിദഗ്ധ സമിതിയുടെ പരിശോധനാ സന്ദര്‍ശനത്തെ അടിസ്ഥാനമാക്കിയാണ് കോഴിക്കോട് എന്‍.ഐ.ടി നടത്തുന്ന ബിരുദ പ്രോഗ്രാമുകള്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവിലെ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി ഈ 5 പ്രോഗ്രാമുകളുടെ എല്ലാ വശങ്ങളും സമിതി വിലയിരുത്തിയ ശേഷം ആണ് ഈ പദവി നല്‍കിയത്. രാജ്യത്തെ എല്ലാ അക്കാദമിക് സ്ഥാപനങ്ങളും കോവിഡ് മഹാമാരി മൂലം നിരവധി വെല്ലുവിളികള്‍ നേരിട്ട കാലയളവില്‍ ആണ് കോഴിക്കോട് എന്‍.ഐ.ടി ഈ അപൂര്‍വനേട്ടം കൈവരിച്ചത്.
രാജ്യത്തെ മറ്റ് സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ നടത്തപെടുന്ന പ്രോഗ്രാമുകള്‍ ടയര്‍-2 അക്രെഡിറ്റേഷന്‍ പ്രക്രിയയ്ക്ക് കീഴിലാണെങ്കിലും എല്ലാ എന്‍.ഐ.ടികളും മറ്റ് ഡീംഡ് സര്‍വകലാശാലകളും ടയര്‍-1 സ്‌കീമിന് കീഴിലാണ് വരുന്നത്. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ ആണ് ഇതിനുള്ളത്. 2021ല്‍ എന്‍.ബി.എ അവതരിപ്പിച്ച പുതിയ ഫോര്‍മാറ്റിനെ അടിസ്ഥാനമാക്കിയാണ് നിലവിലെ മൂല്യനിര്‍ണയം നടത്തിയത്. ഇത് പ്രായോഗികമായി മുമ്പത്തെ ഫോര്‍മാറ്റുകളെ അപേക്ഷിച്ച് നേടിയെടുക്കാന്‍ പ്രയാസമാണ്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ അപൂര്‍വം സ്ഥാപനങ്ങളിലൊന്നാണ് എന്‍.ഐ.ടി കാലിക്കറ്റ്.
അധ്യാപനത്തിനും ഗവേഷണത്തിനും എന്‍.ഐ.ടി കാലിക്കറ്റ് ഉറപ്പാക്കുന്ന മികച്ച നിലവാരം അവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ഈ നേട്ടമെന്ന് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. ”കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്‍.ഐ.ടിയില്‍ നടത്തിയ പുതിയ ഫാക്കല്‍റ്റി റിക്രൂട്ട്‌മെന്റ് ഈ നേട്ടം കൈവരിക്കാന്‍ ഞങ്ങളെ സഹായിച്ചു. എല്ലാ ഫാക്കല്‍റ്റി അംഗങ്ങളെയും വിദ്യാര്‍ത്ഥികളെയും പൂര്‍വവിദ്യാര്‍ത്ഥികളെയും തൊഴിലുടമകളെയും അവരുടെ നിതാന്ത പരിശ്രമങ്ങള്‍ക്കും മാതൃകാപരമായ സംഭാവനകള്‍ക്കും ഞാന്‍ അഭിനന്ദിക്കുന്നു. വാഷിങ്ടണ്‍ ഉടമ്പടിയില്‍ ഇന്ത്യ ഇപ്പോള്‍ പൂര്‍ണമായി ഒപ്പുവെച്ചിരിക്കുന്നതിനാല്‍, ഈ നേട്ടം നമ്മുടെ വിദ്യാര്‍ത്ഥികളെ ഉന്നതപഠനത്തിനും ലോകമെമ്പാടും തൊഴില്‍ നേടുന്നതിനും ലോകത്തെ മികച്ച സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്നതിനും സഹായിക്കും. പ്രത്യേകിച്ച് യു.എസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍” അദ്ദേഹം പറഞ്ഞു.

എന്‍.ഐ.ടി.സിയിലെ സെന്റര്‍ ഫോര്‍ ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് എന്‍ഹാന്‍സ്‌മെന്റും ഡീന്‍ ഓഫീസും (അക്കാദമിക്) ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തപ്പെടുന്ന പ്രോഗ്രാമുകളുടെ അക്കാദമിക് നിലവാരം ഉറപ്പാക്കാന്‍ യോജിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് എന്‍.ഐ.ടി.സി ഡെപ്യൂട്ടി ഡയറക്ടറും സെന്റര്‍ ഫോര്‍ ക്വാളിറ്റി അഷ്വറന്‍സ് ആന്‍ഡ് എന്‍ഹാന്‍സ്‌മെന്റ് ചെയര്‍പേഴ്‌സണുമായ പ്രൊഫ. പി.എസ് സതീദേവി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉയര്‍ന്ന തലത്തിലുള്ള അക്കാദമിക്, ഗവേഷണ നിലവാരം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് റെഗുലര്‍ അക്കാദമിക് ഓഡിറ്റ് നടത്തുന്നു. എന്‍.ബി.എയുടെ അഞ്ച് ബി.ടെക് പ്രോഗ്രാമുകള്‍ക്കുള്ള ആറ് വര്‍ഷത്തെ അക്രെഡിറ്റേഷന്റെ ശ്രദ്ധേയമായ നേട്ടം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗുണനിലവാര ബോധമുള്ള അക്കാദമിക് അന്തരീക്ഷത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്.

”ടയര്‍-1 ഫോര്‍മാറ്റില്‍, കോഴ്‌സ് ഔട്ട്ക്കം പ്രോഗ്രാം ഔട്ട്ക്കം എന്നിവയും പ്രോഗ്രാം പാഠ്യപദ്ധതിയും അധ്യാപന-പഠന പ്രക്രിയകളും വിദ്യാര്‍ത്ഥികളുടെ പ്രകടനം, ഫാക്കല്‍റ്റി സംഭാവനകള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് റിസോഴ്‌സുകള്‍, ഭരണം, തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ എന്നിങ്ങനെ ഒന്നിലധികം വശങ്ങളിലുള്ള പ്രോഗ്രാമുകളുടെ പ്രകടനം എന്‍.ബി.എ പരിഗണിക്കുന്നു. ആറ് വര്‍ഷത്തെ അക്രെഡിറ്റേഷന്‍ ലഭിക്കുന്നതിന് ഈ മാനദണ്ഡങ്ങളിലെല്ലാം മികച്ച നേട്ടം ആവശ്യമാണ്. കോവിഡിന്റെ വെല്ലുവിളി നിറഞ്ഞ സമയത്തും അധ്യാപന-പഠന പ്രക്രിയയില്‍ വിദ്യാര്‍ത്ഥികളുടെയും ഫാക്കല്‍റ്റി അംഗങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് ഇത് കാണിക്കുന്നത്. ഈ അംഗീകാരം ഞങ്ങളുടെ ബിരുദധാരികളുടെ ആഗോള കഴിവുകള്‍ ഉറപ്പാക്കുകയും ചെയ്യുന്നു. ഡീന്‍ (അക്കാദമിക്) പ്രൊഫ. സമീര്‍ എസ്.എം പറഞ്ഞു.
2010 ജനുവരി മുതല്‍ നിലവില്‍ വന്ന ഒരു സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായ എന്‍.ബി.എ, സാങ്കേതിക സ്ഥാപനങ്ങള്‍ നടത്തുന്ന പ്രോഗ്രാമുകളുടെ അക്രെഡിറ്റേഷന്‍ ചെയ്യുന്ന ആധികാരിക സ്ഥാപനം ആണ്. യു.എസ്.എ, യു.കെ, കാനഡ, ആസ്‌ത്രേലിയ, ഇന്ത്യ എന്നിവയുള്‍പ്പെടെ 22 രാജ്യങ്ങളുടെ അക്രെഡിറ്റേഷന്‍ ബോഡികളുടെ ആഗോള കണ്‍സോര്‍ഷ്യമായ വാഷിങ്ടണ്‍ കരാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് എന്‍.ബി.എ പ്രോഗ്രാമുകളുടെ വിലയിരുത്തല്‍ നടത്തുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *