റഫി ഗാനങ്ങള്‍ക്ക് കാതോര്‍ക്കാം; മെഗാ മ്യൂസിക്കല്‍ ഷോ – റഫി നൈറ്റ് ഡിസംബര്‍ 24ന്

റഫി ഗാനങ്ങള്‍ക്ക് കാതോര്‍ക്കാം; മെഗാ മ്യൂസിക്കല്‍ ഷോ – റഫി നൈറ്റ് ഡിസംബര്‍ 24ന്

മുഹമ്മദ് റഫിയുടെ 98ാം ജന്മദിനത്തില്‍ കോഴിക്കോട് ബീച്ചിലാണ് സംഗീത വിരുന്ന്

കോഴിക്കോട്: അനശ്വര ബോളിവുഡ് ഗായകന്‍ മുഹമ്മദ് റഫിയുടെ 98ാം ജന്മദിനം അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയായ മുഹമ്മദ് റഫി ഫൗണ്ടേഷന്‍ ആഘോഷിക്കാനൊരുങ്ങുന്നു. ഡിസംബര്‍ 24ന് വൈകുന്നേരം 6 മണിക്ക് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയര്‍ സ്റ്റേജിലാണ് റഫി നൈറ്റ് തയ്യാറെടുക്കുന്നത്. മുംബെയിലെ പ്രശസ്ത റഫി ഫെയിം ഗായകന്‍ മുഹമ്മദ് സലാമത്തും ഗായിക സംഗീത മേലെക്കറും മുഖ്യ ആകര്‍ഷമാണ്.
20ാം നൂറ്റാണ്ടില്‍ ഇന്ത്യ കണ്ട ഏറ്റവുമധികം ആരാധകരുള്ള ഗായകനാണ് മുഹമ്മദ് റഫി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് കോഴിക്കോടാണ് എന്നത് മറ്റൊരു പ്രത്യേകത. ഈ ആരാധക കൂട്ടായ്മയില്‍ നിന്നാണ് 2007ല്‍ മുഹമ്മദ് റഫി ഫൗണ്ടേഷന്‍ രൂപീകരിച്ചത്. എല്ലാവര്‍ഷവും ഫൗണ്ടേഷന്‍ ജന്മദിന ആഘോഷവും ചരമദിനാചരണവും ഗാനാഞ്ജലിയായി നടത്തിവരുന്നു. കോര്‍പ്പറേഷന്‍ അനുവദിച്ച നാല് സെന്റ് ഭൂമിയില്‍ റഫി മ്യൂസിയം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഫൗണ്ടേഷന്‍. റഫിക്ക് ആരാധകര്‍ ഏറെയുള്ള മലബാറില്‍ റഫി ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ സംഗീത സായാഹ്നത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തുമെന്നതിനാല്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് സംഘാടകരുടെ തീരുമാനം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
റഫി ഷോക്ക് മുന്നോടിയായി ലോഗോ പ്രകാശനം കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് നിര്‍വഹിച്ചു. മേയര്‍ ഭവനില്‍ നടന്ന ചടങ്ങില്‍ റഫി ഫൗണ്ടേഷന്‍ പ്രസിഡന്റ് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുര്‍ഷിദ് അഹമ്മദ്, വൈസ് പ്രസിഡന്റ് എന്‍.സി അബ്ദുല്ലക്കോയ, ട്രഷറര്‍ കെ. മുരളീധരന്‍, മുന്‍ ജന.സെക്രട്ടറി കെ. സുബൈര്‍, സെക്രട്ടറി മുഹമ്മദ് റഫി, കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഷറഫ്, കെ. മഖ്ബൂല്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Share

Leave a Reply

Your email address will not be published. Required fields are marked *