ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല; എം.വി ഗോവിന്ദന്‍

ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല; എം.വി ഗോവിന്ദന്‍

കൊച്ചി: ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍. കേരളത്തിലെ കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയ കൂട്ടുകെട്ടാണ്. കൃത്യമായ നയം അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ മുന്നണിയാണ്. ഈ കൂട്ടുകെട്ടിലേക്ക് ആരെയെങ്കിലും ക്ഷണിക്കുകയെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്നും തന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അതല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗ് എടുക്കുന്ന നിലപാട് യു.ഡി.എഫിലെ തന്നെ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടുകളില്‍ നിന്ന് വ്യത്യസ്തമാണ്. കോണ്‍ഗ്രസിനെ തന്നെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഉതകുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. ആ കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. സമീപ കാലത്ത് മുസ്‌ലിം ലീഗ് എടുത്ത പ്രധാനപ്പെട്ട ചില നിലപാടുകള്‍ മതനിരപേക്ഷതയ്ക്ക് അനുകൂലമാണ്. ഗവര്‍ണറുടെ കാവിവത്കരണ നിലപാടിലും വിഴിഞ്ഞം സമരത്തെ വര്‍ഗീയവത്കരിക്കുന്ന നിലപാടിലായാലും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്.
ആര്‍ക്കു മുന്നിലും ഇടതുമുന്നണി വാതില്‍ അടച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. വലതുപക്ഷ നിലപാട് തിരുത്തി വരുന്നവര്‍ക്ക് സ്വാഗതം. തെരഞ്ഞെടുപ്പോ രാഷ്ട്രീയ കൂട്ടുകെട്ടോ മുന്നില്‍ കണ്ടല്ല മുസ്‌ലിം ലീഗിനെ കുറിച്ച് അഭിപ്രായം പറഞ്ഞത്. ലീഗിനെ ക്ഷണിച്ചിട്ടുമില്ല. ഏക സിവില്‍ കോഡ്, വിഴിഞ്ഞം, ഗവര്‍ണര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ കൊണ്ട് നിലപാട് തിരുത്തിച്ചത് മുസ്‌ലിം ലീഗാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപിടിച്ചുള്ള വലിയൊരു മൂവ്‌മെന്റ് ശക്തിപെടണമെന്നത് പാര്‍ട്ടി നിലപാടാണ്. അത് കേരളത്തിലെ ഇടതുമുന്നണിയല്ല. എല്ലാ വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളുമാണത്. വര്‍ഗീയതയെ എതിര്‍ക്കുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും തമ്മിലുള്ള പൊതുവായ യോജിപ്പാണത് ഉദ്ദേശിക്കുന്നത്. അത് രാഷ്ട്രീയ കൂട്ടുകെട്ടല്ല. വര്‍ഗീയതയെ എതിര്‍ക്കുന്ന ഒരു പൊതുപ്രസ്ഥാനമാണത്. ആ പോരാട്ടത്തില്‍ യോജിക്കാനാവുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി ഇടപെടാന്‍ തയ്യാറാവുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളെയും ഉള്‍ക്കൊള്ളുന്ന അതിവിപുലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പെടുക്കുകയാണ് ഉദ്ദേശമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *