മലപ്പുറം: മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് സി.പി.എമ്മിന്റെ മാത്രമല്ല കേരളക്കരയാകെയുള്ള അഭിപ്രായമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നുള്ള എം.വി ഗോവിന്ദന്റെ പ്രസ്താവന ക്ഷണമായി കാണുന്നില്ല. ലീഗ് വര്‍ഗീയ കക്ഷിയല്ലെന്നും മികച്ച ജനാധിപത്യ പാര്‍ട്ടിയെന്നും എം.വി ഗോവിന്ദന് കഴിഞ്ഞ ദിവസം പറഞ്ഞത് എല്‍.ഡി.എഫിലേക്കുള്ള ക്ഷണമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
എം.വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറ്റ് വ്യാഖാനം നല്‍കേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് ജാഗ്രത കാണിക്കണമെന്ന നിലപാട് മുസ്ലിം ലീഗ് ആവര്‍ത്തിച്ചു. പ്രധാനപ്പെട്ട വിഷയമാണിതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ കക്ഷികളും മനസ്സിലാക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരേ ആരുമായും കൂട്ടുകൂടുമെന്നും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം.വി ഗോവിന്ദന് ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞത്. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ മുസ്ലിം ലീഗ് നിലപാട് സര്‍ക്കാരിനൊപ്പമായിരുന്നു. നിയമസഭയില്‍ വിഷയം വന്നപ്പോള്‍ ലീഗിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കോണ്‍ഗ്രസിനും സര്‍ക്കാരിനെ പിന്തുണക്കേണ്ടിവന്നു. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കിട്ടിയത് മുതല്‍ മുസ്ലിം ലീഗിലെ ഒരു വിഭാഗം എല്‍.ഡി.എഫ് പക്ഷത്തേക്ക് പോകണമെന്ന അഭിപ്രായം പറയുന്നത് ലീഗിലും യു.ഡി.എഫിലുമൊക്കെ ചര്‍ച്ചയുമായിരുന്നു.