മലബാര്‍ ജ്വല്ലറിയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണം കടത്തിയത് യു.എ.ഇ കോണ്‍സുലേറ്റ് വഴി; ശിവശങ്കറിന് ബന്ധം: തെളിവുകളുമായി ഇ.ഡി

മലബാര്‍ ജ്വല്ലറിയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണം കടത്തിയത് യു.എ.ഇ കോണ്‍സുലേറ്റ് വഴി; ശിവശങ്കറിന് ബന്ധം: തെളിവുകളുമായി ഇ.ഡി

കൊച്ചി: മലബാര്‍ ജ്വല്ലറിയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണം തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് വഴി കടത്തിയ സ്വര്‍ണങ്ങളാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മലബാര്‍ ജ്വല്ലറിയില്‍ നിന്ന് പിടിച്ചെടുത്തത് കൂടാതെ ഈ ജ്വല്ലറിയുടെ പ്രൊമോട്ടറായ മലപ്പുറം സ്വദേശിയായ അബൂബക്കര്‍ പഴേടത്ത് എന്നയാളുടെ ജ്വല്ലറികളിലും വീടുകളിലുമായി നടന്ന പരിശോധനയില്‍ അഞ്ച് കിലോ സ്വര്‍ണവും പണവും കഴിഞ്ഞ ദിവസം ഇ.ഡി കണ്ടെത്തിയിരുന്നു. ഇത് കോണ്‍സുലേറ്റ് വഴി കടത്തിയ സ്വര്‍ണത്തിന്റെ ഭാഗമാണെന്നും ഇ.ഡി ട്വീറ്റ് ചെയ്തു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സരിത്, സ്വപ്‌ന, സന്ദീപ് എന്നിവരുടെ പേരുകള്‍ക്കൊപ്പം മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം. ശിവശങ്കറിന്റെ പങ്കും വാര്‍ത്താക്കുറിപ്പില്‍ ഇ.ഡി ആവര്‍ത്തിക്കുന്നുണ്ട്. കസ്റ്റംസ് പിടികൂടിയ മൂന്ന് കിലോ സ്വര്‍ണം തന്റേതാണെന്ന് അബൂബക്കര്‍ പഴേടത്ത് സമ്മതിച്ചതായും നേരത്തെ നയതന്ത്ര ബാഗേജ് വഴി ആറ് കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് മൊഴി നല്‍കിയതായും ഇ.ഡി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

അബൂബക്കര്‍ പഴേടത്തിന് പങ്കാളിത്തമുള്ള മലബാര്‍ ജ്വല്ലറി, മലപ്പുറം ഫൈന്‍ ഗോള്‍ഡ്, അറ്റ്‌ലസ് ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലും വീട്ടിലുമാണ് ഇ.ഡി റെയ്ഡ് നടത്തിയത്. 2.51 കോടി വിലവരുന്ന 5.058 കിലോ സ്വര്‍ണത്തിന് പുറമേ 3.79 ലക്ഷം രൂപയും രഹസ്യ അറയില്‍ നിന്ന് കണ്ടെത്തിയതെന്ന് ഇ.ഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ജ്വല്ലറി ആന്‍ഡ് ഫൈന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പ്രൊമോട്ടറും കോഴിക്കോട് അറ്റ്ലസ് ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ഒരാളുമാണ് അബൂബക്കര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *