പ്രവാസികളുടെ ഉറ്റതോഴൻ ഉമ്മൻചാണ്ടി

പ്രവാസികളുടെ ഉറ്റതോഴൻ ഉമ്മൻചാണ്ടി

 

പുന്നക്കൻ മുഹമ്മദലി

സ്വന്തം നേതാക്കൾ, ഭരണാധികാരികൾ പ്രവാസ ലോകത്തെത്തുന്നത് പ്രവാസികൾക്ക് ആനന്ദത്തിന്റെയും പ്രതീക്ഷയുടെയും നിമിഷങ്ങളായിരിക്കും. ഈ കാലയളവിൽ നിരവധി നേതാക്കൾ വന്നുപോയിട്ടുണ്ട്. പലതരത്തിലുമുള്ള വാഗ്ദാനങ്ങൾ നൽകി പ്രവാസികളെ വഞ്ചിച്ച നേതാക്കളുമുണ്ട്. എന്നാൽ ഉമ്മൻചാണ്ടിയെന്ന മുഖ്യമന്ത്രി ഒരിക്കൽ ദുബൈയിൽ സന്ദർശിച്ച നിമിഷങ്ങളെ നമുക്ക് ഒരിക്കലും മറക്കാനാവില്ല. നാട്ടിലുള്ളവരെ എങ്ങനെ കാണുന്നുവോ അതേ രീതിയിൽ എന്നാൽ പ്രത്യേക അളവിൽ കൂടുതലായി പ്രവാസി സമൂഹത്തോടും അദ്ദേഹം സംവദിക്കാറുണ്ട്. പ്രവാസികളെ പ്രത്യേക വർഗമായി കാണാതെ അവരുടെ പ്രശ്നങ്ങളിലും സജീവമായി ഇടപെടാൻ ശ്രദ്ധിക്കാറുണ്ട്. ഗൾഫ് സന്ദർശനത്തിനെത്തുമ്പോഴെല്ലാം നാട്ടിലേത് പോലെത്തന്നെ സാധാരണക്കാരുമായി കാണാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കുന്ന അപൂർവ വ്യക്തിത്വം. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ദുബൈയിലെത്തിയ സംഭവം ഇവിടെ ഓർക്കുകയാണ്.
രാത്രി പത്തര മണിയോടെ ദുബൈ സോനാപൂരിലെ ലേബർ ക്യാമ്പുകളിൽ മുഖ്യമന്ത്രി സന്ദർശനത്തിനെത്തി. നല്ല ക്ഷീണിതനായിരുന്നു അദ്ദേഹം. നീണ്ട യാത്രയും നിരന്തര പരിപാടികളും. ലേബർ ക്യാമ്പ് സന്ദർശനം കഴിഞ്ഞ് മൂന്ന് പരിപാടികളിൽ കൂടി പങ്കെടുത്ത് രാത്രി അവസാനിക്കുമ്പോൾ പുലർച്ചെ രണ്ടു മണി കഴിഞ്ഞിരുന്നു. അതായത് നാട്ടിൽ പുലർച്ചെ മൂന്നര മണി. പിറ്റേ ദിവസം രാവിലെ മുതൽ വീണ്ടും നിർത്താതെയുള്ള ഒട്ടനവധി പരിപാടികൾ. രാത്രി വൈകി ഷാർജയിൽ നിന്നും മടങ്ങി അർധരാത്രി ദുബൈയിൽ നിന്ന് നാട്ടിലേക്ക്. ഇത്രയേറെ പരിപാടികളിൽ ഇത്ര കുറഞ്ഞ സമയം കൊണ്ട് പങ്കെടുത്തത് ഒരു പക്ഷേ റെക്കോർഡായിരിക്കും. മുമ്പ് ചില മന്ത്രിമാർ വന്നപ്പോൾ മെച്ചപ്പെട്ട എക്സിക്യൂട്ടീവ് ലേബർ ക്യാമ്പുകൾ സന്ദർശിച്ച് മടങ്ങിയ സംഭവങ്ങൾ വിവാദമായിരുന്നു. അതിനാൽ തന്നെ തികച്ചും പരിതാപകരമായ സ്ഥിതിയിലുള്ള രണ്ട് ലേബർ ക്യാമ്പുകളാണ് മുഖ്യ മന്ത്രിയുടെ സന്ദർശനത്തിനായി തെരഞ്ഞെടുത്തത്. പരിപാടി ആസൂത്രണം ചെയ്തത് എം.ജി പുഷ്പാകരനും എ.എൻ ഖാനും ഈ വിനീതനുമായിരുന്നു. മുഖ്യമന്ത്രിയുടെ ലേബർ ക്യാമ്പ് സന്ദർശനം ഒരു പബ്ലിസിറ്റി സ്റ്റണ്ടെന്നോ പബ്ലിക് റിലേഷൻസ് അഭ്യാസമെന്നോ വിളിക്കാൻ കഴിയാത്ത തരത്തിൽ ആത്മാർത്ഥമായിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹം രണ്ട് ലേബർ ക്യാമ്പുകളിലുമായി ചെലവിട്ടു. ആറും ഏഴും പേർ താമസിക്കുന്ന കുടുസ്സു മുറികളിൽ കയറി തൊഴിലാളികളോട് അദ്ദേഹം സംവദിച്ചു. അവർ പറഞ്ഞ കാര്യങ്ങൾ ക്ഷമയോടെ കേട്ടു. 50,000 മുതൽ ഒരു ലക്ഷം രൂപ വരെ ഏജന്റുമാർക്ക് കൊടുത്ത ശേഷം ഇവിടെയെത്തി കബളിപ്പിക്കപ്പെട്ടവരുടെ അനുഭവ സാക്ഷ്യമായിരുന്നു ഏറെയും. മാസങ്ങളായി ശമ്പളം ലഭിക്കാത്തവർ കുബ്ബൂസും വെള്ളവും മാത്രം കഴിച്ച് ജീവിതം തള്ളി നീക്കേണ്ടി വരുന്ന അവസ്ഥ. മുളക് പൊടിയും ഉപ്പും കലക്കി അതിൽ മുക്കി കുബ്ബൂസും കട്ടൻ ചായയും കഴിച്ച് ദിനങ്ങൾ തള്ളി നീക്കുന്ന തൊഴിലാളികളുടെ അവസ്ഥ അത്യന്തം ദയനീയമായിരുന്നു. പല തൊഴിലാളികളും പരാതി പറയുമ്പോൾ തൊണ്ട ഇടറുന്നുണ്ടായിരുന്നു. നെഞ്ചു പൊട്ടിയുള്ള ആ വാക്കുകൾ മുഖ്യമന്ത്രി ക്ഷമയോടെ ഏറ്റുവാങ്ങി. സമാശ്വാസത്തിന്റെ ഒരു സാന്ത്വനം അവരുടെ ചുമലുകളിൽ അദ്ദേഹം പതിപ്പിച്ചു-എന്നെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യാം. ഇവിടെ നമ്മുടെ എംബസിയുമായും കോൺസുലേറ്റുമായും സംസാരിക്കാം-അദ്ദേഹം പറഞ്ഞു.
ഒരു മുഖ്യമന്ത്രിക്ക് ഇവിടെ ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിധിയുണ്ടെന്ന് ഏവർക്കും അറിയാം. അതിനാൽ തന്നെ തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിന് ഉടനെ എന്തെങ്കിലും നടപടിയുണ്ടാകുമെന്നും കരുതാൻ വയ്യ. എങ്കിലും മുഖ്യമന്ത്രി പകർന്ന സാന്ത്വനം വളരെ വലുതായിരുന്നു. അത് ഒരു ക്യാമ്പിലെ തൊഴിലാളികൾക്ക് നൽകിയ കേവലമൊരു സാന്ത്വനമായി കാണാനാവില്ല. മറിച്ച് യുഎഇയിലെ കഷ്ടതയനുഭവിക്കുന്ന ലക്ഷകണക്കിന് തൊഴിലാളികൾക്ക് നൽകിയ പ്രതീകാത്മകമായ സമാശ്വാസമായിരുന്നു. തങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഒരാളുണ്ടെന്ന തോന്നൽ വലിയ അനുഗ്രഹം തന്നെയാണ്. പറഞ്ഞറിയിക്കാനാവാത്ത ഒരു സുരക്ഷിതത്വ ബോധം അത് നൽകിയിരുന്നു.
ഒരു മുഖ്യമന്ത്രി ക്യാമ്പിലെത്തിയത് ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർക്ക് അത്ഭുതമായിരുന്നു. വടക്കേ ഇന്ത്യക്കാരായ ചിലർ മതിലിനു പുറത്തും മരത്തിനു മുകളിലും കയറിയിരുന്ന് ഹിന്ദിയിൽ പറയുന്നുണ്ടായിരുന്നു, മിനിസ്റ്റർ സാബ് ഞങ്ങളുടെ കാര്യങ്ങൾ കൂടി പരിഗണിക്കണേയെന്ന്. കൂട്ടത്തിൽ ആരോ ചോദിക്കുന്നത് കേട്ടു, ഭാരതത്തിൽ ഇങ്ങനെയുള്ള മന്ത്രിമാരും ഉണ്ടോയെന്ന്.
ഒരു ക്യാമ്പിൽ നിന്നിറങ്ങി മറ്റൊന്നിലേക്ക് ചെന്നു കയറിയ അദ്ദേഹം കണ്ടത് അതിലും ദയനീയമായ കാഴ്ചയായിരുന്നു. പൊട്ടിപ്പൊളിഞ്ഞതും നിറഞ്ഞു കവിഞ്ഞതുമായ കക്കൂസിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. അടുക്കളയുടെയും പൊതു ടാപ്പിന്റെയും പരിസരത്തും മാലിന്യങ്ങൾ അടിഞ്ഞു കൂടി കിടക്കുന്നു. ഇതെല്ലാം കണ്ടതോടെ ഉമ്മൻ ചാണ്ടി വളരെ വികാരധീനനായി. തൊഴിലാളികളുടെ കദന കഥ കേട്ട് പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ മാധ്യമ പ്രവർത്തകർ പ്രതികരണത്തിനായി വളഞ്ഞു. വാക്കുകൾക്കായി അദ്ദേഹം പരതുകയായിരുന്നു. വേദനയോടെയുള്ള പ്രതികരണങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ കൺകോളുകളിൽ നേരിയ നനവ്. കണ്ട കാഴ്ച ശരിയോയെന്ന് സംശയം തോന്നി. മറ്റുള്ളവരോട് ചോദിച്ചുറപ്പാക്കി. അതെ ശരി തന്നെ, ക്യാമറ സ്‌ക്രീനിൽ അത് വ്യക്തം. പെട്ടെന്ന് ചിന്തയിലൂടെ പോയത് എതിരാളികളെ നിർഭയം നേരിടുന്ന മുഖ്യമന്ത്രിയിൽ ഇത്തരം ഭാവങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ടല്ലോയെന്നായിരുന്നു. ദരിദ്രനായ കുചേലനെ കൃഷ്ണൻ കാണുമ്പോൾ അദ്ദേഹത്തിന്റെ ദയനീയാവസ്ഥ ഓർത്ത് ദുഃഖിക്കുന്ന ഒരു രംഗം രാമപുരത്ത് വാര്യരുടെ കുചേല വൃത്തം വഞ്ചിപ്പാട്ടിലുണ്ട്.
”എന്തുകൊണ്ടോ ശൗരി കണ്ണു നീരണിഞ്ഞു
ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ”-
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഏത് ശിലയും അലിയുന്ന കാഴ്ചയായിരുന്നു അത്. ഈ സന്ദർശനത്തിന് ശേഷം എംബസി അധികൃതരോട് അദ്ദേഹം ഈ രണ്ട് ക്യാമ്പുകളിൽ പെട്ടവരെ കുറിച്ചും വിശദ വിവരങ്ങൾ പറയുകയും അദ്ദേഹത്തിന്റെ പി.എ സുരേന്ദ്രനെ ഇതിനായി ഇവിടെ കുറച്ച് ദിവസത്തേക്ക് നിർത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇന്ത്യൻ കോൺസുൽ വേണുഗോപാൽ ഈ ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ കൈകൊള്ളാൻ തയ്യാറായത്. ലേബർ ക്യാമ്പിലെ ഈ ദുരിത കാഴ്ചകൾ മുഖ്യമന്ത്രിയോടൊപ്പം എത്തിയ ജനപ്രതിനിധികളും നാട്ടിൽ നിന്നെത്തിയ മാധ്യമ പ്രവർത്തകരും കണ്ടിരുന്നെങ്കിലെന്ന് അറിയാതെ ആഗ്രഹിച്ചു പോയി. ഇത്തരം കാര്യങ്ങൾ അറിയാനും ഉൾക്കൊള്ളാനും അവർ കൂടി ശ്രമിക്കേണ്ടതായിരുന്നു. സെക്സ് റാക്കറ്റിൽ പെട്ട യുവതികളും വിസാ തട്ടിപ്പു കേസിലും മറ്റും കുടുങ്ങിയവരും ഉൾപ്പടെ ജയിലിൽ കഴിയുന്ന നിരവധി മലയാളികളെ കാണാനുള്ള അതിയായ ആഗ്രഹം മുഖ്യമന്ത്രി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അതിനുള്ള അവസരം നിഷേധിക്കപ്പെടുകയാണുണ്ടായത്. തനിക്ക് അനുമതി കിട്ടാത്തതിനാൽ എംഎൽഎമാരെയും നേതാക്കളെയും ജയിൽ സന്ദർശിക്കാൻ അയച്ചുവെന്നും അവർ നൽകിയ റിപ്പോർട്ട് ഗൗരവമായി പഠിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജയിലിലെ അനുഭവങ്ങൾ അത്യന്തം ദുഃഖകരമായിരുന്നുവെന്ന് മുൻ മന്ത്രി കെ.രാധാകൃഷ്ണൻ, എംഎൽഎമാരായ കെ.പി.രാജേന്ദ്രൻ, എ.എൻ രാജേന്ദ്രൻ എന്നിവർ പറഞ്ഞു. ‘സ്നേഹത്താഴ്വരയുടെ പ്രവർത്തകരായ സി.പി മാത്യു ഉൾപ്പെടെയുള്ളവരോടൊത്താണ് ഇവർ ജയിൽ സന്ദർശിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തിലുള്ളവർക്ക് ജയിൽ സന്ദർശനത്തിന് അവസരം ലഭിച്ചപ്പോൾ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് അവസരം നിഷേധിക്കപ്പെട്ടുവെന്ന ചോദ്യത്തിന് ”ഞാൻ മുഖ്യമന്ത്രിയാണെന്നതാണ് അതിന് കാരണം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എംബസി അധികൃതരുടെ താൽപര്യക്കുറവാണ് അതിന് കാരണമെന്ന ആരോപണം പല മേഖലകളിൽ നിന്നും ഉയർന്ന സാഹചര്യത്തിലായിരുന്നു ഈ ഉത്തരം. കൂടാതെ കേരളത്തിന്റെ ഭരണരാഷ്ട്രീയ ചരിത്രത്തിൽ മറ്റൊരു മുഖ്യമന്ത്രിമാർക്കും ചെയ്യാൻ കഴിയാതിരുന്ന പദ്ധതിയായിരുന്നു ജനസമ്പർക്ക പരിപാടി. പ്രതിപക്ഷം കളിയാക്കിയെങ്കിലും കേരളത്തിലെ പതിനായിരക്കണക്കിന് സാധാരണക്കാർക്ക് നീതി ലഭിച്ച സന്ദർഭമായിരുന്നു അത്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ സഹായത്തോടെ ഉമ്മൻചാണ്ടി യുഎഇയിലും ജനസമ്പർക്ക പരിപാടി നടപ്പിലാക്കി. നിരവധി പ്രവാസികൾക്ക് ഇതിലൂടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി. കൂടാതെ പ്രവാസികൾക്ക് ഗുണകരമായ എയർഇന്ത്യാ എക്സ്പ്രസിന്റെ ബജറ്റ് എയർലൈൻ പദ്ധതിക്ക് പിന്നിലും ഉമ്മൻചാണ്ടിയാണ്. അദ്ദേഹത്തിന്റെ നിരന്തരമായ സമർദ്ദത്തെ തുടർന്നാണ് സർക്കാർ ബജറ്റ് എയർലൈൻ നടപ്പാക്കിയത്. കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് പറന്ന ആദ്യബജറ്റ് വിമാനത്തിലാണ് ഉമ്മൻചാണ്ടി അബുദാബിയിലെത്തിയത്. പ്രവാസി വോട്ടവകാശത്തിന്റെ കാര്യത്തിലും ഉമ്മൻചാണ്ടിയുടെ ശക്തമായ ഇടപെടലുണ്ടായി. അമ്പത് വർഷമായി ഒരേ മണ്ഡലത്തെ (പുതുപ്പള്ളി) പ്രതിനിധാനം ചെയ്ത് കക്ഷി – രാഷ്ട്രീയത്തിനതീതമായി ആദരിക്കപ്പെടുന്ന ഉമ്മൻ ചാണ്ടി പ്രവാസികളുടെ പ്രിയപ്പെട്ട നേതാവ് കൂടിയാണ്. രാഷ്ട്രീയ സദാചാരങ്ങൾ തമസ്‌കരിക്കപ്പെടുന്ന
കാലഘട്ടത്തിൽ എളിയ ജീവിതം കൊണ്ടും വിനയം കൊണ്ടും ഉമ്മൻ ചാണ്ടി അപൂർവ വ്യക്തിത്വത്തിനുടമയാണ്. പറയുന്നത് പ്രവർത്തിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാൾ. ആ വിനയത്തിൽ കാപട്യമില്ല. പ്രവൃത്തികളിൽ കളങ്കമില്ല. അധികാരത്തിന്റെ വലുപ്പമില്ല. വിശ്വാസ പ്രമാണങ്ങളുടെ ഔന്നത്യമാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വേർതിരിച്ചു നിർത്തുന്നത്. രാഷ്ട്രീയ എതിരാളികൾ ഉമ്മൻ ചാണ്ടിയെ ഇഷ്ടപ്പെടുന്നത് ഈ രാഷ്ട്രീയ സത്യസന്ധത കൊണ്ടാണ്. തത്ത്വവും പ്രയോഗവും സമന്വയിക്കുന്ന അസുലഭ വ്യക്തിത്വത്തിനുടമയായ ഉമ്മൻ ചാണ്ടിക്ക് ഏത് പ്രതിസന്ധിയും അക്ഷോഭ്യമായി നേരിടാൻ കഴിവുണ്ട്. തർക്കങ്ങളും പിണക്കങ്ങളും പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് വലുതാണ്. സ്നേഹിക്കുന്നവർക്ക് വേണ്ടിയും സഹപ്രവർത്തകർക്ക് വേണ്ടിയും സ്വന്തം സുഖങ്ങൾ നഷ്ടപ്പെടുത്താനോ വലിച്ചെറിയാനോ ഉമ്മൻ ചാണ്ടിയെ പോലെ സന്നദ്ധത കാട്ടുന്ന വേറെ രാഷ്ട്രീയ നേതാക്കൾ വിരളമാണ്. കോൺഗ്രസ് കേരളത്തിൽ തകർച്ചയെ നേരിട്ട കാലഘട്ടത്തിൽ കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും അമരത്തിരുന്ന് കോൺഗ്രസിനെ കേരളത്തിൽ പച്ച പിടിപ്പിച്ചതിൽ ഉമ്മൻ ചാണ്ടിക്ക് അതുല്യമായ പങ്കാണുള്ളത്.

ഉമ്മൻചാണ്ടിയോടൊപ്പം പുന്നക്കൻ മുഹമ്മദലി
Share

Leave a Reply

Your email address will not be published. Required fields are marked *