മാന്‍ഡസ് നാളെ പുലര്‍ച്ചയോടെ തമിഴ്‌നാട് തീരം തൊടും, 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

മാന്‍ഡസ് നാളെ പുലര്‍ച്ചയോടെ തമിഴ്‌നാട് തീരം തൊടും, 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

ചെന്നൈ: നാളെ പുലര്‍ച്ചയോടെ മാന്‍ഡസ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലെ കാരക്കലിന് സമീപമായിരിക്കും മാന്‍ഡസ് എത്തുക. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ, വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

പുതുച്ചേരിയിലും തമിഴ്നാട്ടിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെ മേഖലയില്‍ വിന്യസിച്ചു.

ചുഴലിക്കാറ്റ് ഇപ്പോള്‍ മഹാബലിപുരത്തു ഏതാണ്ട് 230 കിലോമീറ്റര്‍ മാത്രം അകലെയാണ്. ചെന്നൈയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ. സിസ്റ്റം ‘തീവ്ര ചുഴലിക്കാറ്റ്’ (Severe Cyclone) അവസ്ഥയില്‍ നിന്നും അല്‍പം ശക്തി കുറഞ്ഞു ‘ചുഴലിക്കാറ്റ്’ (Cyclone) ആയിട്ടുണ്ട്. ഇപ്പോള്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 – 100 കിലോമീറ്റര്‍. ചിലപ്പോള്‍ വീണ്ടും ശക്തി കൂടാന്‍ സാധ്യത ഉണ്ട്. ഇന്ന് രാത്രി 11 മണിയോടെ മഹാബലിപുരത്തിനു തെക്കായി വില്ലുപുരത്തെ ‘ മരക്കാനം ‘ തീരത്ത് ‘ നിലംപതിക്കാന്‍ (Land fall) ആണ് സാധ്യത. നിലം തൊടുമ്പോള്‍ ഏകദേശം 70-100 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലിക്കാറ്റ് ആകാനാണ് സാധ്യത. തമിഴ്‌നാട്ടില്‍ ശക്തമായ മഴയും കാറ്റും ഉച്ചയോടെ തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുച്ചേരി മുതല്‍ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല.

കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഇന്ന് ( ഡിസംബര്‍ 9) അര്‍ധരാത്രിയോടെ തമിഴ്നാട് പുതുച്ചേരി തെക്കന്‍ ആന്ധ്രാ പ്രദേശ് തീരാത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീര മേഖലയില്‍ ചുഴലിക്കാറ്റിന്റെ മൂന്നാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പുറപെടുവിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബര്‍ 9,10 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
കേരളത്തില്‍ അന്തരീക്ഷം പൊതുവെ മേഘാവൃതമായി തുടരുകയാണ്. മലയോര ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ മുന്നറിയിപ്പുണ്ടെങ്കിലും കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *