തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു. അതേസമയം, പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. ബില്‍ നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി പി. രാജീവാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.
ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് പി. രാജീവ് അവതരിപ്പിച്ചത്. ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ വിദഗ്ധനെ ചാന്‍സലര്‍ ആക്കാനാണ് ബില്ലിലെ വ്യവസ്ഥ. നിയമം നിലവില്‍വന്നാല്‍ ചാന്‍സലറെ സര്‍ക്കാരിന് നിയമിക്കാനാവും. സമാന സ്വഭാവമുള്ള സര്‍വകലാശാലകളില്‍ ഒരു ചാന്‍സലറെ നിയമിക്കും. പ്രത്യേക വിഷയങ്ങള്‍മാത്രം കൈകാര്യം ചെയ്യുന്ന സര്‍വകലാശാലയാണെങ്കില്‍ അതിന് പ്രത്യേക ചാന്‍സലറെ നിയമിക്കും. ഭരണഘടനാ പദവിയുള്ള ഗവര്‍ണര്‍ക്ക് കൂടുതല്‍ ചുമതല വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മാറ്റമെന്നാണ് ബില്ലിലെ വിശദീകരണം. ചര്‍ച്ചക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിടുന്ന ബില്‍ 13ന് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. സമാന നിലയില്‍ ബില്ലിലും ഗവര്‍ണര്‍ ഒപ്പിടാന്‍ ഇടയില്ല.