- എസ്.എഫ്.ഐക്കെതിരേ പരാതി
കൊല്ലം: എസ്.എന്‍ കോളേജില്‍ എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ 14 പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റെന്ന് എ.ഐ.എസ്.എഫ് നേതൃത്വം അറിയിച്ചു. സാരമായി പരുക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് നേതൃത്വം ആരോപിച്ചു.
കോളേജില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.എഫ്.ഐ നേതാക്കള്‍ വരെ മര്‍ദ്ദിച്ചുവെന്ന് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മാരകായുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.
അതേസമയം പത്തനംതിട്ട അടൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തിയതിനെതിരെ സമരം നടത്തുകയാണ്. ചട്ടവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്തിയെന്ന് ആരോപിച്ചാണ് സമരം. കോളേജിന്റെ ഗേറ്റില്‍ പ്രിന്‍സിപ്പലിന്റെ കോലം തൂക്കിയിട്ടു. കോളേജിലെ മോഡല്‍ പരീക്ഷ സമരക്കാര്‍ തടഞ്ഞെന്ന് പ്രിന്‍സിപ്പല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ തള്ളിയിരുന്നു. എ.ഐ.എസ്.എഫ് നേതൃത്വത്തിലുള്ള പാനലാണ് കോളേജില്‍ ജയിച്ചത്. ഇതിന് പിന്നാലെയാണ് സമരം.