മയ്യഴിയില്‍ മദ്യത്തിനും പെട്രോളിനും വിലക്കുറവ്; ഉണ്ണാന്‍ റേഷനരി മാത്രമില്ല!

മയ്യഴിയില്‍ മദ്യത്തിനും പെട്രോളിനും വിലക്കുറവ്; ഉണ്ണാന്‍ റേഷനരി മാത്രമില്ല!

ചാലക്കര പുരുഷു

മാഹി: ഭക്ഷ്യ സുരക്ഷാ നിയമം നിലനില്‍ക്കുന്ന രാജ്യത്ത് മയ്യഴിയില്‍ മാത്രം റേഷന്‍ സംവിധാനമില്ല. ഇലക്ട്രോണിക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ രാജ്യത്ത് ആദ്യമായി പ്രാവര്‍ത്തികമാക്കിയ മാഹിയില്‍ ഇന്ന് റേഷന്‍ കാര്‍ഡിന് കടലാസിന്റ പോലും വിലയില്ല. നാടെമ്പാടുമുണ്ടായിരുന്ന റേഷന്‍ കടകളുമില്ല’ ഒരു കാലത്ത് മയ്യഴിക്കാരെ നോക്കി കേരളക്കാര്‍ അസൂയപ്പെട്ടിരുന്നു. ഫ്രഞ്ച് ഭരണകാലം തൊട്ട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ ന്യായവിലക്ക് അരി, പലവ്യഞ്ജനങ്ങള്‍ എന്നിവയും വിശേഷ ദിവസങ്ങളില്‍ ഇവ സൗജന്യമായും ലഭിച്ചിരുന്നു. ഇതിന് പുറമെ കാര്‍ഡൊന്നിന് പ്രതിമാസം 20 കിലോ അരി സൗജന്യമായും കിട്ടുമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി റേഷനുമില്ല. റേഷന്‍ കടകളുമില്ല. 1956 ല്‍ സ്ഥാപിതമായ 65 ഓളം ജീവനക്കാരുണ്ടായിരുന്ന മയ്യഴിയിലെ ആദ്യത്തെ സഹകരണ സ്ഥാപനമായ മാഹി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍സിന്റെ 16 റേഷന്‍ കടകളും അടച്ചുപൂട്ടി.

ജനങ്ങള്‍ വലിയ വില നല്‍കി പൊതു വിപണിയില്‍ നിന്നാണ് അരിയും പലവ്യഞ്ജനങ്ങളും ഇപ്പോള്‍ വാങ്ങുനത്. ഒരു കാലത്ത് ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് മാഹിയുടെ ഹൃദയഭാഗത്ത് ബഹുനില കെട്ടിട സമുച്ചയവും പള്ളുരില്‍ സ്ഥലവും ലോറിയടക്കമുള്ള വാഹനങ്ങളും, രണ്ട് ടെക്സ്റ്റയില്‍, രണ്ട് ല്യൂബ് ഓയില്‍ ഡിപ്പോകള്‍, ഐ.ഒ.സി.യുടെ മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രം എന്നിവയുമുണ്ടായിരുന്നു. എല്ലാം ഇപ്പോള്‍ അടച്ചു പൂട്ടിക്കഴിഞ്ഞിരിക്കുകയാണ്. പൂട്ടുന്ന സമയത്ത് രണ്ട് വര്‍ഷത്തോളം ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക നല്‍കാനുണ്ടായിരുന്നു. ഗ്രാറ്റിവിറ്റിയും, പി.എഫ്.ആനുകൂല്യങ്ങളും ഇതേ വരെ ഇവര്‍ക്ക് ലഭിച്ചിട്ടുമില്ല. ഇവ ലഭ്യമാക്കാന്‍ പല തവണ ജീവനക്കാര്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. തൊഴിലാളികള്‍ ഇപ്പോള്‍ മാഹിയിലെ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫീസില്‍ പതിവായി കയറിയിറങ്ങുകയാണ്. ഇതിനിടയില്‍ യാതൊരാനുകൂല്യവും ലഭിക്കാതെ ഒരു ജീവനക്കാരന്‍ മരണപ്പെടുകയും ചെയ്തു.

തൊഴിലാളികള്‍ പട്ടിണിയിലാണ്. അര്‍ഹതപ്പെട്ട ആനുകുല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എം.ഇ.സി.എസ് ജിവനക്കാര്‍ക്ക് വേണ്ടി പ്രദീപന്‍ അഭ്യര്‍ത്ഥിച്ചു. നിര്‍ത്തലാക്കിയ റേഷന്‍ സംവിധാനം ഇക്കഴിഞ്ഞ ജൂണ്‍ മാസത്തോടെ പുനരാരംഭിക്കുമെന്ന് മാഹി എം.എല്‍. എയുടേയും റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്ററുടേയും സാന്നിദ്ധ്യത്തില്‍ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയതാണ്. പുതുച്ചേരി സര്‍ക്കാരിന്റെ മയ്യഴിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ഉറപ്പ് പാലിക്കണമെന്നും ജനശബ്ദം ആക്ടിങ്ങ് പ്രസിഡണ്ട് ദാസന്‍ കാണി ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *